

അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകളെ ആശ്രയിക്കുന്നവരാണ് കൂടൂതല്‍ പേരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിട്ടികളെ ആശ്രയിക്കുന്നത് വായ്പാഭാരം കുറയാന്‍ സഹായകമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിട്ടികള്‍ക്ക് പ്രസിദ്ധമായ കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ പൂര്‍ണമാവും സുരക്ഷിതമാണ്.
അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ചിട്ടികളെ ആശ്രയിക്കുന്നവര്‍ക്ക് മുന്നില്‍ ഉയര്‍ന്ന പലിശ നിരക്കോ മറ്റു ബാധ്യതകളോ ഇല്ല. കൂടാതെ, ഓരോ മാസവും ലാഭവിഹിതവും ലഭിക്കുന്നു. എന്നാല്‍ ചിട്ടി തെരഞ്ഞെടുക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ചുവടെ:
പുതിയതായി ചിട്ടികളില്‍ ചേരുന്നവര്‍ ആദ്യം ചെറിയ തുകയുള്ള ചിട്ടികള്‍ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഉദാഹരണത്തിന്, പ്രതിമാസം 2,500 രൂപയോ 5,000 രൂപയോ അടവ് വരുന്ന ചിട്ടികള്‍ പരിഗണിക്കാം. ഇതിലൂടെ ചിട്ടിയെ കുറിച്ച് പൂര്‍ണ വിവരങ്ങള്‍ പഠിക്കാന്‍ സാധിക്കും. എങ്ങനെ ലേലം ചെയ്യപ്പെടുന്നു, ലേലം ലഭിച്ചാലുള്ള തുടര്‍ നടപടികള്‍ എന്തൊക്കെയാണ്, എത്ര തുകയാകുമ്പോള്‍ ചിട്ടി വിളിച്ചെടുക്കണം തുടങ്ങിയ പ്രായോഗികമായ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും.
സാമ്പത്തിക സ്ഥിതി മനസിലാക്കുകയാണ് അടുത്ത പടി. ചിട്ടി തെരഞ്ഞെടുക്കുന്നതിന് മുന്‍പ് നിലവിലെ സാമ്പത്തിക സ്ഥിതി കൃത്യമായി മനസ്സിലാക്കുന്നത് നല്ലതാണ്. എത്ര രൂപയാണ് ആവശ്യം എന്നതിനെ കുറിച്ച് കൃത്യമായ ഒരു ധാരണ വേണം. പ്രതിമാസ വരുമാനം അനുസരിച്ച്, ഓരോ മാസവും കെഎസ്എഫ്ഇയില്‍ അടയ്ക്കാന്‍ സാധിക്കുന്ന തുക കണക്കാക്കുന്നത് പ്രധാനമാണ്. ചിട്ടിപ്പണം പിന്‍വലിക്കുമ്പോള്‍ 'മേല്‍ബാധ്യത'ക്കുള്ള ജാമ്യമായി വെക്കാന്‍ കൈവശം വസ്തു, സ്വര്‍ണം തുടങ്ങിയ എന്ത് സെക്യൂരിറ്റിയാണ് ഉള്ളതെന്ന് ചിന്തിക്കേണ്ടതും അനിവാര്യമാണ്.
ചിട്ടി വിളിച്ചെടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിട്ടിയില്‍ ചേര്‍ന്നതിനുശേഷം, എപ്പോഴാണോ പണം ആവശ്യമുള്ളത്, ആ വിവരം ബ്രാഞ്ചുമായി ബന്ധപ്പെട്ടവരെ അറിയിക്കുക. ഏത് മാസത്തില്‍ ചിട്ടി വിളിച്ചെടുത്താല്‍ ലാഭകരമായിരിക്കും അല്ലെങ്കില്‍ കുറഞ്ഞ നഷ്ടത്തില്‍ പിടിക്കാന്‍ സാധിക്കും എന്നതിനെക്കുറിച്ച് ബ്രാഞ്ചില്‍ നിന്നും അറിഞ്ഞിരിക്കുക.
ആദ്യ മാസങ്ങളില്‍ ചിട്ടി വിളിച്ചെടുക്കുന്നവരുടെ എണ്ണം കൂടുതലായിരിക്കും. അതിനാല്‍ ലേല കിഴിവ് കൂടുതലായിരിക്കും. അതായത് ആദ്യ മാസത്തില്‍ ചിട്ടി കിട്ടിയാല്‍ ലഭിക്കുന്ന തുക കുറയും. അത്യാവശ്യക്കാരുടെ എണ്ണം കുറയുമ്പോള്‍ കുറഞ്ഞ കിഴിവില്‍ ചിട്ടി വിളിച്ചെടുക്കാനും കൂടുതല്‍ തുക നേടാനും സാധ്യതയുണ്ട്. അതായത് 25 മാസ കാലാവധിയില്‍ പ്രതിമാസം 20,000 രൂപ അടയ്ക്കുന്ന 5 ലക്ഷത്തിന്റെ ചിട്ടി, ആദ്യ മാസങ്ങളില്‍ ചിലപ്പോള്‍ 3 ലക്ഷം രൂപ വരെ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാല്‍ കൃത്യമായ മാസത്തില്‍ ലേലം ചെയ്യുന്നതിലൂടെ 4,75,000 രൂപ വരെ നേടാന്‍ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates