

പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഒരു ജനപ്രിയ പ്ലാനാണ് ജീവന്‍ ലാഭ്. ഇന്‍ഷുറന്‍സ് പരിരക്ഷയും സമ്പാദ്യവും ഒരുമിച്ച് നല്‍കുന്ന ഒരു ലിമിറ്റഡ് പ്രീമിയം എന്‍ഡോവ്‌മെന്റ് പദ്ധതിയാണിത്.
ഈ പോളിസിയില്‍ ചേരുന്നവര്‍ക്ക് തെരഞ്ഞെടുത്ത പോളിസി കാലാവധിയേക്കാള്‍ കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രം പ്രീമിയം അടച്ചാല്‍ മതി. ഇത് ഓഹരി വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള പ്ലാന്‍ അല്ലാത്തത് കൊണ്ട് സുരക്ഷിത നിക്ഷേപമാണ്.
16 വര്‍ഷം കാലാവധിയുള്ള പോളിസിയാണ് എടുക്കുന്നതെങ്കില്‍ 10 വര്‍ഷം പ്രീമിയം അടച്ചാല്‍ മതി. ഇനി 20 വര്‍ഷ പോളിസി കാലയളവ് ഉള്ള സ്‌കീമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ 15 വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. ഇതിന് പുറമേ 25 വര്‍ഷം കാലാവധിയുള്ള സ്‌കീമും ഉണ്ട്. ഇവിടെ 16 വര്‍ഷം പ്രീമിയം അടച്ചാല്‍ മതി. വാര്‍ഷികം, അര്‍ദ്ധ വാര്‍ഷികം, ത്രൈമാസികം, അല്ലെങ്കില്‍ പ്രതിമാസം എന്നിങ്ങനെ ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് പ്രീമിയം അടയ്ക്കാവുന്നതാണ്. എട്ടു വയസാണ് ഇതില്‍ ചേരാവുന്ന കുറഞ്ഞ പ്രായപരിധി. പരമാവധി പ്രായം പോളിസി കാലാവധി അനുസരിച്ച് 50 മുതല്‍ 59 വയസ് വരെ വരും. പരമാവധി മെച്ച്യൂരിറ്റി പ്രായം 75 വയസ് ആണ്. രണ്ടു ലക്ഷം രൂപയാണ് കുറഞ്ഞ സം അഷ്വേര്‍ഡ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ബേസിക് സം അഷ്വേര്‍ഡ് തുകയും എല്‍ഐസി പ്രഖ്യാപിക്കുന്ന ബോണസുകളും ( Simple Reversionary Bonus, Final Additional Bonus) ചേര്‍ത്ത് പോളിസി ഉടമയ്ക്ക് ലഭിക്കും. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ നോമിനിക്ക് സം അഷ്വേര്‍ഡ് തുകയും (അല്ലെങ്കില്‍ വാര്‍ഷിക പ്രീമിയത്തിന്റെ ഏഴ് മടങ്ങ്) അതുവരെയുള്ള ബോണസുകളും ലഭിക്കും. ഇത് ആകെ അടച്ച പ്രീമിയത്തിന്റെ 105 ശതമാനത്തില്‍ കുറയുകയില്ല. പോളിസി തുടങ്ങി കൃത്യമായി പ്രീമിയം അടച്ചാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി പോളിസിയിന്മേല്‍ വായ്പയെടുക്കാന്‍ സാധിക്കും. നികുതി ഇളവ് ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. അധിക പ്രീമിയം അടച്ച് അപകട മരണ/ അംഗ വൈകല്യ പരിരക്ഷയും ഉറപ്പാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates