ഫ്രാങ്ക്ഫര്‍ട്ട്: ഡിജിറ്റലൈസേഷനും എഐ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി നാലായിരം ജോലിക്കാരെ ഒഴിവാക്കാന്‍ യൂറോപ്പിലെ പ്രധാന എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സ ഗ്രൂപ്പ്. 2030 ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റലൈസേഷന്‍, എയര്‍ലൈനുകളുമായുള്ള ഏകീകരണം എന്നിവയിലൂടെ 4000 തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ തീരുമാനം ജര്‍മ്മനിയിലെ ജോലിക്കാരെയാണ് കൂടുതല്‍ ബാധിക്കുക.
മെമ്പര്‍ എയര്‍ലൈനുകളായ ലുഫ്താന്‍സ, സ്വിസ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബ്രസ്സല്‍സ് എയര്‍ലൈന്‍സ്, ഐടിഎ എയര്‍വേയ്സ് എന്നിവ തമ്മിലുള്ള സംയോജനം കൂടുതല്‍ ആഴത്തിലാക്കാന്‍ നീങ്ങുകയാണെന്ന് ലുഫ്താന്‍സ പറഞ്ഞു. ഡിജിറ്റലൈസേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൊണ്ടുവന്ന ആഴത്തിലുള്ള മാറ്റങ്ങള്‍ ബിസിനസ്സ് മേഖലകളിലും പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
മ്യൂണിക്കില്‍ നിക്ഷേപകരും അനലിസ്റ്റുകളും പങ്കെടുത്ത യോഗത്തിലാണ് എയര്‍ലൈന്‍ ഗ്രൂപ്പ് ഭാവി പദ്ധതികള്‍ അവതരിപ്പിച്ചത്. ഈ ദശകത്തിന്റെ അവസാനത്തോടെ കമ്പനിയുടെ ലാഭത്തില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായും ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണത്തിന് തയ്യാറെടുക്കുകയാണെന്നും ലുഫ്താന്‍സ ഗ്രൂപ്പ് പറഞ്ഞു, 2030 ഓടെ 100 ദീര്‍ഘദൂര വിമാനങ്ങള്‍ ഉള്‍പ്പെടെ 230 ലധികം പുതിയ വിമാനങ്ങള്‍ ഒപ്പറേറ്റ് ചെയ്യുമെന്നും കമ്പനി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates