

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.25 ലക്ഷം കോടിയുടെ ഇടിവാണ് നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 532 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 0.76 ശതമാനമാണ് ഇടിഞ്ഞത്. വിദേശ നിക്ഷേപകര്‍ വിപണിയിലെ നിക്ഷേപം വലിയതോതില്‍ പിന്‍വലിച്ചതാണ് കഴിഞ്ഞയാഴ്ച വിപണി ഇടിയാന്‍ കാരണം. ഡോളറിനെതിരെ രൂപ തിരിച്ചുകയറുകയും എണ്ണവില കുറയുകയും ചെയ്തത് അടക്കം നിരവധി അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതാണ് കഴിഞ്ഞയാഴ്ച വിപണിയില്‍ ദൃശ്യമായത്. ജൂണ്‍ ആദ്യ ആഴ്ചയില്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 43,000 കോടിയാണ്.
റിലയന്‍സിന് പുറമേ ഭാരതി എയര്‍ടെല്‍, ടിസിഎസ്, ബജാജ് ഫിനാന്‍സ്, എല്‍ആന്റ്ടി, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. റിലയന്‍സിന് മാത്രം 39,718 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 17,47,321 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. ടിസിഎസ് 20,134 കോടി, ഭാരതി എയര്‍ടെല്‍ 18,736 കോടി, എല്‍ആന്റ്ടി 16,880 കോടി, എല്‍ഐസി 14,610 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.
അതേസമയം എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 12,692 കോടിയുടെ വര്‍ധന രേഖപ്പെടുത്തി. 9,02,523 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയര്‍ന്നത്. വിപണി മൂല്യത്തില്‍ ഇത്തവണയും റിലയന്‍സ് തന്നെയാണ് മുന്നില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates