

ഭോപ്പാല്‍: പശുക്കള്‍ക്ക് ചോക്ലേറ്റ് നല്‍കുന്നത് ഗുണം ചെയ്യുമെന്ന കണ്ടെത്തലുമായി മധ്യപ്രദേശിലെ വെറ്റിനറി സര്‍വകലാശാല. കന്നുകാലികള്‍ക്ക് ചോക്ലേറ്റ് നല്‍കുന്നത് വഴി പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനശേഷിയും വര്‍ധിക്കാന്‍ സഹായകരമാകുമെന്നാണ് ജബല്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാനാജി ദേശ്മുഖ് വെറ്റിനറി സര്‍വകലാശാലയുടെ അവകാശവാദം.
രണ്ടുമാസത്തെ ഗവേഷണത്തിന് ഒടുവില്‍ വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമായ ചോക്ലേറ്റ് തയ്യാറാക്കിയതായി സര്‍വകലാശാല അറിയിച്ചു. കന്നുകാലികള്‍ക്ക് തിന്നാന്‍ പുല്ലിന് ക്ഷാമം നേരിടുന്ന സമയത്ത് ഇത് പകരം നല്‍കാവുന്നതാണെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ എസ് പി തിവാരി വ്യക്തമാക്കി.
സംസ്ഥാനത്തെ മൃഗസംരക്ഷണവകുപ്പുമായി ചേര്‍ന്ന് കര്‍ഷകരുടെ ഇടയില്‍ ഇത്തരത്തില്‍ തയ്യാറാക്കിയ വ്യത്യസ്ത രീതിയിലുള്ള ചോക്ലേറ്റ് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കന്നുകാലികള്‍ക്കായി ചോക്ലേറ്റ് തയ്യാറാക്കാന്‍ സ്റ്റാര്‍ട്ട് അപ്പിന് രൂപം നല്‍കാന്‍ മുന്നോട്ടുവരുന്ന വെറ്റിനറി ബിരുദധാരികള്‍ക്ക് ഇതിന്റെ സാങ്കേതികവിദ്യ കൈമാറാനും സര്‍വകലാശാലയ്ക്ക് പദ്ധതിയുണ്ട്.
ചോക്ലേറ്റ് കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കുന്നത് വഴി പാലുല്‍പ്പാദനം വര്‍ധിക്കും. പ്രത്യുല്‍പ്പാദന ശേഷിയും ഉയരും. മറ്റു കാലിത്തീറ്റകളോടൊപ്പം ഇത് നല്‍കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
ഓരോ കഷ്ണം ചോക്ലേറ്റിനും 500 ഗ്രാം തൂക്കം വരും. സാധാരണയായി കാലിത്തീറ്റ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകകള്‍ തന്നെയാണ് ഇതിലും ഉപയോഗിക്കുന്നതും. ശര്‍ക്കരപാവ്, ഉപ്പ്, ചുണ്ണാമ്പ്, തുടങ്ങിയ ഘടകകളാണ് ഇതിലും ഉപയോഗിക്കുന്നതെന്നും തിവാരി പറഞ്ഞു. ഒരു കഷ്ണത്തിന് 25 രൂപയാണ് വില വരുക.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
