LIVE BUDGET 2024: ആദായനികുതി ഇളവ് പരിധി 75,000 രൂപയാക്കി ഉയര്‍ത്തി; പുതിയ ടാക്‌സ് സമ്പ്രദായത്തില്‍ മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല, പരിഷ്‌കരിച്ച ഘടന ഇങ്ങനെ

ചരിത്രം കുറിച്ച് തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍
union budget 2024
ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു പിടിഐ

പുതിയ ടാക്‌സ് സമ്പ്രദായത്തില്‍ മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല, പരിഷ്‌കരിച്ച ഘടന ഇങ്ങനെ

പുതിയ ആദായ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ആനുകൂല്യം. ആദായനികുതി ഇളവ് പരിധി( സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയില്‍ നിന്ന് 75000 രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ബജറ്റ് അവതരണ വേളയിലായിരുന്നു പ്രഖ്യാപനം.

പുതിയ നികുതി സ്‌കീം അനുസരിച്ച് വ്യക്തിഗത ആദായനികുതി നിരക്ക് ഘടന പരിഷ്‌കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് ലക്ഷം രൂപ വരെ ഇനി നികുതി ഇല്ല. മൂന്ന് മുതല്‍ ഏഴു ലക്ഷം രൂപ വരെ അഞ്ചുശതമാനമായിരിക്കും നികുതി. ഏഴു ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ പത്തുശതമാനവും പത്തുലക്ഷം മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ 15 ശതമാനവും 12 ലക്ഷം രൂപ മുതല്‍ പതിനഞ്ച് ലക്ഷം രൂപ 20 ശതമാനവും 15 ലക്ഷം രൂപയ്ക്ക് മുകളില്‍ 30 ശതമാനവുമായിരിക്കും നികുതിയെന്നും ധനമന്ത്രി അറിയിച്ചു.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂട്ടി

മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയ്ക്കാന്‍ നടപടി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് 75,000 രൂപയാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപനം

സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന് ബജറ്റ് നിര്‍ദേശം. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ 15 ശതമാനമായിരുന്നു ഇറക്കുമതി തീരുവ. പ്ലാറ്റിനത്തിന് ആറര ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.

കാന്‍സര്‍ മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയും

മൂന്ന് കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാന്‍ ബജറ്റ് നിര്‍ദേശം. എക്‌സറേ ട്യൂബുകള്‍ക്ക് തീരുവ കുറയ്ക്കും. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. ഇവയുടെ കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കാനാണ് ബജറ്റ് നിര്‍ദേശം.

നളന്ദയെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കും

ബീഹാറിലെ നളന്ദയെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന് സർക്കാർ പിന്തുണ നൽകുമെന്ന് ധനമന്ത്രി സീതാരാമൻ

വിഷ്ണുപദ് ക്ഷേത്രത്തിലും മഹാബോധി ക്ഷേത്രത്തിലും ഇടനാഴികൾ

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമാനമായി വിഷ്ണുപദ് ക്ഷേത്രത്തിലും മഹാബോധി ക്ഷേത്രത്തിലും ഇടനാഴികൾ വികസിപ്പിക്കും. ഇതിന് വേണ്ട സാമ്പത്തിക പിന്തുണ നൽകുമെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.

വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും

ജോലി ചെയ്യുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി. തൊഴില്‍ശേഷിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണിത്.

മൂലധന ചെലവിനായി 11.11 ലക്ഷം കോടി രൂപ

നടപ്പുസാമ്പത്തികവര്‍ഷം മൂലധനചെലവിനായി 11.11 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി. അടിസ്ഥാന സൗകര്യവികസനത്തിനായി അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.

പിഎം ആവാസ് യോജന

പി എം ആവാസ് യോജന പ്രകാരം രണ്ടു കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും. നഗര ഭവന പദ്ധതിക്കായി അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് 2.2 ലക്ഷം കോടി രൂപ കേന്ദ്രവിഹിതമായി നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു.

മുദ്ര വായ്പാ പരിധി 20 ലക്ഷം രൂപയാക്കി ഉയര്‍ത്തി

മുദ്ര യോജന പ്രകാരമുള്ള വായ്പ പരിധി ഇരട്ടിയാക്കുമെന്ന് ധനമന്ത്രി. പത്തുലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായാണ് ഉയര്‍ത്തുക എന്ന് ധനമന്ത്രി അറിയിച്ചു.

സഖ്യകക്ഷികള്‍ക്ക് കൈനിറയെ, ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജ്

ആന്ധ്രാപ്രദേശില്‍ പുതിയ തലസ്ഥാനം വികസിപ്പിക്കുന്നതിന് ബജറ്റില്‍ 15000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഈ വര്‍ഷം 15000 കോടിയുടെ പാക്കേജ് നല്‍കും. അടുത്ത വര്‍ഷങ്ങളിലും സാമ്പത്തിക സഹായം തുടരുമെന്നും ധനമന്ത്രി അറിയിച്ചു. വിവിധ വികസന ഏജന്‍സികളുടെ സഹായത്തോടെ ബിഹാറിനും പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്നും ബജറ്റ് പ്രഖ്യാപനം. സഖ്യകക്ഷികളായ ജെഡിയുവിനെയും ടിഡിപിയെയും സന്തോഷിപ്പിക്കുന്ന നടപടിയാണ് ബജറ്റ് പ്രഖ്യാപനം. ഇരു സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.

പുതിയ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും

പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. തുക പ്രൊവിഡന്റ് ഫണ്ട് വിഹിതമായാണ് ജീവനക്കാര്‍ക്ക് നല്‍കുക. എല്ലാ മേഖലകളിലെയും തൊഴില്‍ ശക്തിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികള്‍ക്കും വേണ്ടിയാണ് ഈ പദ്ധതി. 210 ലക്ഷം യുവാക്കള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും പാര്‍ലമെന്റില്‍ ബജറ്റ് അവതരണ വേളയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.

വിദ്യാഭ്യാസ വായ്പ

ഉന്നത വിദ്യാഭ്യാസത്തിന് പത്തുലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്നും ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി പറഞ്ഞു.

9 മേഖലകൾക്ക് മുൻ​ഗണന

ഉൽപ്പാദനക്ഷമത, ജോലി, സാമൂഹികനീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ‌ നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുശക്തം, പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയം

മോദിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ആഗോള സമ്പദ്ഘടന പ്രശ്‌നങ്ങള്‍ നേരിടുന്നു. പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായി നേരിടുന്നത്. എന്നാല്‍ സുശക്തമായ സമ്പദ്ഘടനയോടെ ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണ്. പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. ഗരീബ് കല്യാണ്‍ യോജന അഞ്ചുവര്‍ഷം കൂടി നീട്ടിയത് വഴി 80 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു.

രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി

രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിന് അംഗീകാരം നേടി. 11 മണിക്കാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. പതിവ് പോലെ ടാബ് ലെറ്റ് ഉപയോഗിച്ചാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക.

മൊറാജി ദേശായിയെ മറികടന്ന് ചരിത്രം കുറിക്കാന്‍ നിര്‍മല

ചരിത്രം കുറിച്ച് തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി ധനമന്ത്രി നിര്‍മല സീതാരാമന്‍. മുന്‍ പ്രധാനമന്ത്രി മൊറാജി ദേശായിയുടെ റെക്കോര്‍ഡ് ആണ് നിര്‍മല സീതാരാമന്‍ മറികടക്കാന്‍ പോകുന്നത്. തുടര്‍ച്ചയായി ആറുതവണയാണ് മൊറാർജി ദേശായി ബജറ്റ് അവതരിപ്പിച്ചത്.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നിരവധി നിര്‍ദേശങ്ങള്‍ ഉണ്ടാവുമെന്നാണ് വ്യവസായ ലോകം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബജറ്റുകള്‍ക്ക് സമാനമായ അടിസ്ഥാന സൗകര്യവികസനം അടക്കമുള്ള മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റ്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നിരവധി നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആദായനികുതി ഇളവ് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് രാജ്യം.

union budget 2024
ഇനി മൊബൈല്‍ നമ്പര്‍ വേണ്ട; വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com