

കുട്ടികളുടെ ഭാവിക്കായി ഒരു നിക്ഷേപ പദ്ധതി ആലോചിക്കുന്നുണ്ടോ? കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതിയാണ് എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന ചെയ്യാം. പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നോണ്‍ എന്‍പിഎസ് പ്ലാനിലേക്ക് മാറും. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടിക്ക് അവരുടെ എന്‍പിഎസ് അക്കൗണ്ട് സ്വതന്ത്രമായി മാനേജ് ചെയ്യാന്‍ കഴിയും. ഈ സ്‌കീം മാതാപിതാക്കളെ അവരുടെ കുട്ടികളുടെ വിരമിക്കല്‍ മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ സേവിംഗ്‌സ് ആരംഭിക്കാന്‍ സഹായിക്കുന്നു.
ചുരുങ്ങിയത് 1,000 രൂപ നല്‍കി അക്കൗണ്ട് തുടങ്ങാം. വര്‍ഷത്തില്‍ മിനിമം 1,000 രൂപ നിക്ഷേപിക്കണം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രതിമാസം, ത്രൈമാസം, വാര്‍ഷികം ഇതില്‍ ഏത് ഓപ്ഷന്‍ വേണമെങ്കിലും തെരഞ്ഞെടുത്ത് മാതാപിതാക്കള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. സെക്ഷന്‍ 80CCD(1B) പ്രകാരം 50,000 രൂപ വരെ നികുതി ഇളവ് ലഭിക്കും (പഴയ നികുതി ഘടന തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രം).
പരമാവധി 75 ശതമാനം വരെ ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്ന തരത്തിലാണ് നിക്ഷേപ രീതി. നിക്ഷേപകന് തന്നെ ഇക്വിറ്റി, കടപ്പത്രങ്ങള്‍ എന്നിവയില്‍ എത്ര നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്ന രീതി. കുട്ടി പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇക്വിറ്റിയിലുള്ള വിഹിതം ഓട്ടോമാറ്റിക്കായി കുറയുന്ന രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നിക്ഷേപത്തിന് സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഈ ക്ലോസ്. കുട്ടിക്ക് 18 വയസ്സാകുന്നതിന് മുമ്പ് മൂന്ന് തവണ വരെ പണം പിന്‍വലിക്കാം. എന്നാല്‍ ഉന്നത വിദ്യാഭ്യാസം, പ്രത്യേക രോഗങ്ങളുടെ ചികിത്സ, വൈകല്യവുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നി ആവശ്യങ്ങള്‍ക്ക് മാത്രമേ തുക പിന്‍വലിക്കാന്‍ സാധിക്കൂ. നിക്ഷേപം തുടങ്ങി 3 വര്‍ഷത്തിന് ശേഷം മാത്രമേ ആദ്യ പിന്‍വലിക്കല്‍ അനുവദിക്കൂ (നിക്ഷേപിച്ച തുകയുടെ 25% വരെ).
18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ എന്ത് സംഭവിക്കും?
കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ ഈ അക്കൗണ്ട് സാധാരണ എന്‍പിഎസ് ടയര്‍-1 (NPS Tier-I) അക്കൗണ്ടായി മാറും.
3 മാസത്തിനുള്ളില്‍ പുതിയ KYC നടപടികള്‍ പൂര്‍ത്തിയാക്കണം. അതിനുശേഷം അക്കൗണ്ടിന്റെ പൂര്‍ണ്ണ നിയന്ത്രണം കുട്ടിക്ക് ലഭിക്കും.
അക്കൗണ്ട് ക്ലോസ് ചെയ്യുന്ന രീതി :
2.5 ലക്ഷം രൂപയില്‍ താഴെയാണ് സമ്പാദ്യമെങ്കില്‍ മുഴുവന്‍ തുകയും നികുതിയില്ലാതെ പിന്‍വലിക്കാം.
2.5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍, ആകെ തുകയുടെ 60 ശതമാനം ലംപ് സം ആയി പിന്‍വലിക്കാം (നികുതിയില്ല). ബാക്കി 40 ശതമാനം നിര്‍ബന്ധമായും പെന്‍ഷന്‍ പ്ലാനുകളില്‍ (Annuity) നിക്ഷേപിക്കണം. ഇതില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന് ആദായനികുതി നിയമപ്രകാരം നികുതി നല്‍കേണ്ടി വരും.
ആര്‍ക്കാണ് യോഗ്യത?
ആധാര്‍, പാന്‍ കാര്‍ഡുകളുള്ള 18 വയസിന് താഴെയുള്ള ഇന്ത്യക്കാര്‍ , വിദേശ ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ എന്നിവരുടെ മാതാപിതാക്കള്‍ക്ക് ഈ നിക്ഷേപം ആരംഭിക്കാന്‍ കഴിയും. നോമിനിയായി രക്ഷാകര്‍ത്താവിന്റെ പേര് തന്നെ നല്‍കാം. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ ലഭിക്കും. പ്രമുഖ ബാങ്കുകളുടെ ശാഖകള്‍, പോസ്റ്റ് ഓഫീസ് എന്നിവയില്‍ കൂടിയും പിഎഫ്ആര്‍ഡിഎ വെബ്സൈറ്റ് വഴിയും അക്കൗണ്ട് ആരംഭിക്കാം. https://npstrust.org.in സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ വഴിയും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates