

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില താഴ്ന്ന് ബാരലിന് നൂറ് ഡോളറില്‍ താഴെയെത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറായാണ് താഴ്ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്.
നിലവിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക-ഇറാന്‍ ചര്‍ച്ചകള്‍ വീണ്ടും നടക്കുമെന്ന സൂചനകളാണ് എണ്ണവില കുറയാന്‍ കാരണം. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്.
ബ്രെന്‍ഡ് ക്രൂഡ് ഫ്യൂച്ചറുകള്‍ 1.86 ഡോളര്‍ (1.87%) കുറഞ്ഞ് 97.50 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 2.25 ഡോളര്‍ (2.27%) ഇടിഞ്ഞ് 96.83 ഡോളറിലുമെത്തി. ഇറാനിയന്‍ തുറമുഖങ്ങളില്‍ യുഎസ് സൈനിക ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നാലു ശതമാനത്തിലധികം വര്‍ധിച്ചിരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഒരു തവണ കൂടി ഇറാന്‍ അധികൃതരുമായി അമേരിക്ക ചര്‍ച്ച നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി വീണ്ടും നേരിട്ടുള്ള കൂടിക്കാഴ്ച നടത്താനുള്ള സാധ്യത യുഎസ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായും പ്രാദേശിക മധ്യസ്ഥരുമായും വരും ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ പുരോഗതിയെ ആശ്രയിച്ചാകും, ചര്‍ച്ചയ്ക്കുള്ള തീയതികളും സ്ഥലങ്ങളും ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വീണ്ടുമൊരു മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സാധ്യത തേടി തുര്‍ക്കി ഇരുകൂട്ടരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ജനീവ, ഇസ്താംബുള്‍, വിയന്ന, ഇസ്ലാമാബാദ് തുടങ്ങിയ സ്ഥലങ്ങള്‍ ചര്‍ച്ചയ്ക്കുള്ള വേദിയായി പരിഗണിക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായി വെടിനിര്‍ത്തല്‍ സമയപരിധി നീട്ടുന്നതും പരിഗണിക്കുന്നുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും, നയതന്ത്രപരമായ ഇടപെടലിനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നും ഒരു യുഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates