

ന്യൂഡല്‍ഹി: ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്നും സമാധാന കരാറിന് അരികില്‍ എത്തിയെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറില്‍ താഴെയെത്തി. ഒറ്റയടിക്ക് 3.37 ശതമാനമാണ് താഴ്ന്നത്. ഇതോടെ ഇന്ത്യയില്‍ ഇന്ധനവിലയും പാചകവാതക വിലയും കുറയ്ക്കുമോ എന്ന ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.
ജോര്‍ജിയയിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബര്‍ട്ട് ജോണ്‍സിനെ പിന്തുണച്ച് നടത്തിയ ടെലി-റാലിയില്‍ സംസാരിക്കവേയാണ് ഇറാനുമായുള്ള യുദ്ധം അവസാനിച്ചു എന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്. 'നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങള്‍ ഇന്ന് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു'- ട്രംപിന്റെ വാക്കുകള്‍. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കരാര്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് പ്രസിഡന്റ് പറഞ്ഞു
കരാര്‍ അന്തിമമായിക്കഴിഞ്ഞാല്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എണ്ണവില കുത്തനെ ഇടിഞ്ഞത്. ഇറാനെ ആക്രമിക്കുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്ന ട്രംപ്, വ്യാഴാഴ്ച സംഘര്‍ഷത്തിന് അയവ് വരുത്തി ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് പറഞ്ഞത്. അതേസമയം യുദ്ധം അവസാനിച്ചതായും സമാധാന കരാറിന്റെ അരികില്‍ എത്തിയെന്നുമുള്ള ട്രംപിന്റെ പ്രസ്താവന ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates