

ന്യൂഡല്‍ഹി: ഭാഷാ മോഡലായ ചാറ്റ് ജിപിടി വികസിപ്പിച്ച പ്രമുഖ കമ്പനിയായ ഓപ്പണ്‍ എഐ ഇന്ത്യയില്‍ ഓഫീസ് തുടങ്ങുന്നു. ഈ വര്‍ഷം അവസാനം ന്യൂഡല്‍ഹിയില്‍ തങ്ങളുടെ ആദ്യ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഓപ്പണ്‍എഐ പ്രഖ്യാപിച്ചു.
കമ്പനിയുടെ ആഗോള വികാസത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നതെന്ന് കമ്പനി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയുടേത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്നും ഓപ്പണ്‍ എഐ അറിയിച്ചു.
'ഞങ്ങളുടെ ആദ്യ ഓഫീസ് തുറക്കുന്നതും ഒരു പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതും രാജ്യത്തുടനീളം വിപുലമായ എഐ കൂടുതല്‍ ആക്സസ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്.ഇന്ത്യയ്ക്ക് വേണ്ടിയും ഇന്ത്യയുമായി ചേര്‍ന്നും എഐ വികസിപ്പിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പോകുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. കമ്പനിയുടെ ഉല്‍പ്പന്നം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലാണ് ഇപ്പോള്‍ കൂടുല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്'-ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യ എഐ മിഷനുള്ള ഓപ്പണ്‍എഐയുടെ പിന്തുണയുടെ ഭാഗമായാണ് പ്രാദേശിക ഓഫീസ് തുറക്കുന്നത്. ഇത് ഇതിനകം തന്നെ അതിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഡെവലപ്പര്‍മാര്‍, പ്രൊഫഷണലുകള്‍ എന്നിവരെ മികച്ച രീതിയില്‍ സേവിക്കാന്‍ കമ്പനിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പുതിയ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമനം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
യുഎസ് കഴിഞ്ഞാല്‍ ചാറ്റ്ജിപിടിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യയെ കാണുന്നത്. ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് തുറക്കാനുള്ള ഓപ്പണ്‍എഐയുടെ പ്രഖ്യാപനത്തെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
