

ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ വ്യക്തിഗത വായ്പാ കുടിശ്ശിക ഗണ്യമായി വര്‍ധിച്ച് വരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പ്രത്യേകിച്ച് ചെറുകിട വായ്പകളിലാണ് കുടിശ്ശിക വര്‍ധിച്ച് വരുന്നത്. 90 ദിവസത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള വായ്പകള്‍ മാര്‍ച്ചോടെ 3.6 ശതമാനമായി ആയി ഉയര്‍ന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരു ഇഎംഐ നഷ്ടപ്പെടുത്തുന്നത് ക്രെഡിറ്റ് യോഗ്യതയെയും ഭാവിയിലെ വായ്പ ആക്സസ്സിനെയും ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍, യാദൃച്ഛികമായി വ്യക്തിഗത വായ്പ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചാല്‍ സാമ്പത്തിക സാഹചര്യം മറികടക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍ പരിശോധിക്കാം.
ഇഎംഐ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചാല്‍ അത് ക്രെഡിറ്റ് പ്രൊഫൈലിനെയും കടം വാങ്ങിയയാളുടെ സത്യസന്ധതയെയും ബാധിച്ചേക്കാം. ഇത് പരിമിതപ്പെടുത്തുന്നതിന് ഉടനടി നടപടി ആവശ്യമാണ്. സാമ്പത്തിക ബുദ്ധിമുട്ട് വിശദീകരിക്കുന്നതിനും വായ്പ പുനഃക്രമീകരിക്കല്‍ അല്ലെങ്കില്‍ പേയ്‌മെന്റ് നീട്ടിവെയ്ക്കല്‍ സാധ്യമാക്കുന്നതിനും വായ്പാദാതാവുമായി നേരത്തെ ആശയവിനിമയം നടത്തുന്നത് വളരെ പ്രധാനമാണ്.
ഇഎംഐ അവധികള്‍ക്കോ താല്‍ക്കാലിക പേയ്മെന്റ് മാറ്റിവയ്ക്കലിനോ ഉള്ള യോഗ്യത പരിശോധിക്കുക. ഇതിനായി, വായ്പാ സ്ഥാപനത്തിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമുമായി ബന്ധപ്പെടണം. അതുവഴി ഈ വിഷയത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭിക്കും.
ഒന്നിലധികം വായ്പകള്‍ ഉണ്ടെങ്കില്‍ വായ്പ ഏകീകരണ ഓപ്ഷനുകള്‍ പരിശോധിക്കുക. വായ്പ ഏകീകരണം മുഴുവന്‍ തിരിച്ചടവ് പ്രക്രിയയും സുഗമമാക്കുന്നതിനും വായ്പകളെ ഒന്നായി ഏകീകരിക്കുന്നതിനും സഹായിക്കുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് മുമ്പ് നിയമ സഹായത്തിനായി യോഗ്യതയുള്ള അഭിഭാഷകരെയും ബന്ധപ്പെടാം.
ഭാവി റഫറന്‍സിനായി എല്ലാ ആശയവിനിമയ രേഖകളും സൂക്ഷിക്കുക. പിന്നീട്, വായ്പാ സ്ഥാപനം റിക്കവറി ആരംഭിക്കുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്താല്‍ ഇത് പ്രധാനമാണ്.
വ്യക്തിഗത വായ്പയില്‍ വീഴ്ച വരുത്തിയാല്‍ ഉടന്‍ തന്നെ വായ്പ വാങ്ങിയവര്‍ക്ക് ഔപചാരികമായ തിരിച്ചടവ് അറിയിപ്പുകള്‍ ലഭിക്കും. ഇതിനെത്തുടര്‍ന്ന് ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം റിക്കവറി ഏജന്റ് കാണാന്‍ വരും. അത്തരമൊരു സാഹചര്യത്തില്‍, ബന്ധപ്പെട്ട വായ്പാ സ്ഥാപനവുമായി മുഴുവന്‍ പ്രക്രിയയും ചര്‍ച്ച ചെയ്യുന്നതാണ് തിരിച്ചടവ് ആസൂത്രണം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം.
90 ദിവസത്തിനപ്പുറവും തിരിച്ചടവ് മുടങ്ങുന്നത് തുടരുന്നത് വായ്പയെ ഒരു നിഷ്‌ക്രിയ ആസ്തിയായി (NPA) മാറ്റാന്‍ ഇടയാക്കും. വായ്പ നല്‍കുന്നവര്‍ക്ക് നിയമപരമായ നോട്ടീസുകള്‍ അയയ്ക്കാന്‍ ഇത് സഹായകമാകുന്നു. വീണ്ടെടുക്കലിനായി സിവില്‍ കേസുകളുമായി മുന്നോട്ടുപോകാനും ഇത് അനുവദിക്കുന്നു. റിക്കവറി പ്രക്രിയ ആരംഭിച്ചാല്‍ അത് വൈകാരികമായി ഒരാളെ ബാധിച്ചെന്ന് വരാം. അതുകൊണ്ടാണ് തുടക്കം മുതല്‍ തന്നെ കടം കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധാലുവായിരിക്കണമെന്ന് പറയുന്നത്.
പിഴകള്‍, വര്‍ദ്ധിച്ച പലിശ, ആസ്തി പിടിച്ചെടുക്കലുകള്‍ എന്നിവ വ്യക്തിഗത വായ്പകളില്‍ വീഴ്ച വരുത്തിയതിന്റെ അനന്തരഫലമായി സംഭവിക്കാം. ആറ് മാസത്തിനുള്ളില്‍ ക്രെഡിറ്റ് സ്‌കോറുകള്‍ 150 പോയിന്റിലധികം ഇടിഞ്ഞേക്കാം. ഇത് ഭാവിയില്‍ വായ്പ എടുക്കുന്നത് ദുഷ്‌കരമാക്കും എന്ന ചിന്ത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates