റിട്ടയര്‍മെന്റ് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം; ഇതാ സ്ഥിര വരുമാനം ഉറപ്പാക്കുന്ന ആറു പെന്‍ഷന്‍ സ്‌കീമുകള്‍

ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ റിട്ടയര്‍മെന്റ് പ്ലാനിങ് നടത്തണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആവര്‍ത്തിച്ച് നല്‍കുന്ന ഉപദേശം
retirement plan
retirement planപ്രതീകാത്മക ചിത്രം
Updated on
3 min read

ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ റിട്ടയര്‍മെന്റ് പ്ലാനിങ് നടത്തണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആവര്‍ത്തിച്ച് നല്‍കുന്ന ഉപദേശം. വിരമിച്ച ശേഷവും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ മുന്നോട്ടുപോകുന്നതിന് ഇത് അനിവാര്യമാണ്. റിട്ടയര്‍മെന്റ് ജീവിതം യാതൊരുവിധ സാമ്പത്തിക ക്ലേശങ്ങളും ഇല്ലാതെ മുന്നോട്ടു കൊണ്ടു പോകുന്നതിന് നിരവധി സര്‍ക്കാര്‍ പിന്തുണയുള്ളതും വിപണിയുമായി ബന്ധപ്പെട്ടതുമായ പദ്ധതികള്‍ ഉണ്ട്. ചിലത് അസംഘടിത മേഖലയിലുള്ളവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. മറ്റുള്ളവ ശമ്പളമുള്ള ജീവനക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന ആറ് വിരമിക്കല്‍ കേന്ദ്രീകൃത പദ്ധതികളെക്കുറിച്ച് പരിശോധിക്കാം.

അടല്‍ പെന്‍ഷന്‍ യോജന

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് അടല്‍ പെന്‍ഷന്‍ യോജന ഏറ്റവും വിശ്വസനീയമായ പെന്‍ഷന്‍ ഓപ്ഷനുകളില്‍ ഒന്നാണ്. 18 നും 40 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് 60 വയസ്സ് വരെ ചെറിയ പ്രതിമാസ സംഭാവനകള്‍ നല്‍കി പെന്‍ഷന്‍ ആനുകൂല്യം നേടിയെടുക്കാന്‍ ഇതുവഴി സാധിക്കും. വരിക്കാര്‍ക്ക് അവരുടെ പ്രതിമാസമുള്ള വിഹിതത്തെ ആശ്രയിച്ച് 1,000 രൂപ മുതല്‍ 5,000 രൂപ വരെ ഉറപ്പുള്ള പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് പ്ലാന്‍. പെന്‍ഷന്‍ തുക സ്ഥിരമാണ്. വിപണിയിലെ ചലനങ്ങളെ ആശ്രയിക്കുന്നില്ല. ഉയര്‍ന്ന വരുമാനത്തേക്കാള്‍ സ്ഥിര വരുമാനത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്ക് ഇത് അനുയോജ്യമാണ്.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം സര്‍ക്കാര്‍ പിന്തുണയുള്ളതും എന്നാല്‍ ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കലും പെന്‍ഷന്‍ ആസൂത്രണവും ലക്ഷ്യമിട്ടുള്ളതുമായ ഒരു മാര്‍ക്കറ്റ് ലിങ്ക്ഡ് വിരമിക്കല്‍ പദ്ധതിയാണ്. ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ എന്നിങ്ങനെ വിവിധ ഓപ്ഷനുകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് 60 വയസ് വരെ നിക്ഷേപിക്കാം. നിശ്ചിത ശതമാനം ഓരോ ഓപ്ഷനുകളിലും നിക്ഷേപിച്ച് എല്ലാത്തിലും സാന്നിധ്യം ഉറപ്പാക്കാനും സാധിക്കും. വിരമിക്കുമ്പോള്‍, സമാഹരിച്ച കോര്‍പ്പസിന്റെ 60 ശതമാനം വരെ ഒറ്റത്തവണയായി പിന്‍വലിക്കാം. അതേസമയം കുറഞ്ഞത് 40 ശതമാനമെങ്കിലും പ്രതിമാസ പെന്‍ഷന്‍ വരുമാനം നല്‍കുന്ന ഒരു ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷനുകള്‍ക്കുള്ള സാധ്യത വാഗ്ദാനം ചെയ്യുന്നതിനാല്‍, നേരത്തെ നിക്ഷേപം ആരംഭിക്കുകയും മാര്‍ക്കറ്റ് ലിങ്ക്ഡ് റിട്ടേണുകളില്‍ പ്രതീക്ഷയര്‍പ്പിച്ചും എന്‍പിഎസില്‍ നിക്ഷേപിക്കുന്നത് ഫലപ്രദമാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (SWP)

നിക്ഷേപങ്ങളില്‍ നിന്ന് പതിവായി വരുമാനം നല്‍കുന്ന തരത്തിലാണ് എസ്ഡബ്ല്യൂപി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മ്യൂച്ചല്‍ ഫണ്ടില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക പിന്‍വലിക്കാന്‍ ഇത് അനുവദിക്കുന്നു. ഇത് സ്ഥിരമായ പണത്തിന്റെ ഒഴുക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എസ്ഡബ്ല്യൂപി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും തെരഞ്ഞെടുത്ത ഫണ്ടിന്റെ പ്രകടനത്തിനും വിധേയമാണ് ഇതില്‍ നിന്ന് ലഭിക്കുന്ന റിട്ടേണ്‍ എന്ന കാര്യം ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. വിരമിച്ചവര്‍ക്കോ നിക്ഷേപങ്ങളില്‍ നിന്ന് ആനുകാലിക വരുമാനം തേടുന്ന വ്യക്തികള്‍ക്കോ എസ്ഡബ്ല്യൂപി പ്രയോജനകരമാണ്.

ആന്വിറ്റി പ്ലാനുകള്‍

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനുകള്‍ ഒരു വലിയ തുകയെ ഗ്യാരണ്ടീഡ് ആജീവനാന്ത വരുമാനമാക്കി മാറ്റുന്നു. നിക്ഷേപം നടത്തിക്കഴിഞ്ഞാല്‍, ആന്വിറ്റി ഉടന്‍ തന്നെ ആരംഭിക്കും. ജീവിതകാലം മുഴുവന്‍ പ്രതിമാസ, ത്രൈമാസ അല്ലെങ്കില്‍ വാര്‍ഷിക വരുമാനം നല്‍കും. വരുമാനം വളരെ കുറവാണെന്ന് തോന്നുമെങ്കിലും, ഏറ്റവും വലിയ നേട്ടം ദീര്‍ഘകാല പരിരക്ഷയാണ്. ഒരാള്‍ എത്ര കാലം ജീവിച്ചാലും വരുമാനം തുടരും.

മാസം തോറുമുള്ള വരുമാനം പദ്ധതി

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം

ജോലിയില്‍ നിന്നും വിരമിക്കുമ്പോഴും സ്ഥിരമായ വരുമാനം എല്ലാവരുടെയും സ്വപ്നമാണ്. ഇതിന് യോജിച്ച പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം. ര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.

ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്‌സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ്് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

retirement plan
പുതിയ ബൈക്ക് വാങ്ങാന്‍ പോകുകയാണോ?, മറക്കരുത് 20-4-10 റൂള്‍; വിശദാംശങ്ങള്‍

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും.

retirement plan
മാസം 5,550 രൂപ പെന്‍ഷന്‍; അറിയാം ഈ സ്‌കീം
Summary

Planning retirement? These 7 schemes can generate steady monthly income post-retirement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com