

കൊച്ചി: ഈ വര്‍ഷം ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. ഏറ്റവും ഉയര്‍ന്ന നിലവാരമാണ് അന്ന് സ്വര്‍ണവില രേഖപ്പെടുത്തിയത്. 1,31,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. വീണ്ടും സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്നായിരുന്നു അന്ന് വിദഗ്ധര്‍ പ്രവചിച്ചത്.
ഈ പ്രവചനങ്ങളുടെ താളംതെറ്റിച്ച് അമേരിക്ക- ഇറാന്‍ യുദ്ധം വന്നതാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. ഈ വര്‍ഷം തീരാന്‍ ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കേ ഒരു ലക്ഷത്തില്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണവില. അതായത് ഏകദേശം പത്തുമാസത്തിനിടെ പവന് 30000 രൂപയിലധികമാണ് ഇടിഞ്ഞത്.
മാസങ്ങളായി നീണ്ടുനില്‍ക്കുന്ന അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണവില പുതിയ ഉയരം കുറിക്കുന്നതാണ് ഈ വര്‍ഷം കണ്ടത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 115 ഡോളര്‍ കടന്നാണ് കുതിച്ചത്. നിലവില്‍ ബാരലിന് നൂറ് ഡോളറില്‍ താഴെയാണെങ്കിലും വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ ആഘാതം ആഗോള വിപണികളെ പിടിച്ചുകുലുക്കി. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായി. പണപ്പെരുപ്പം പൂര്‍ണമായി നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തില്‍ വീണ്ടും പലിശനിരക്ക് കൂട്ടാന്‍ ഒരുങ്ങുകയാണ് യുഎസ് ഫെഡറല്‍ റിസര്‍വ്.
പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയാല്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാനും ബോണ്ട് യീല്‍ഡ് ഉയരാനും ഇടയാക്കും. ഇതാണ് അടുത്തിടെ സ്വര്‍ണവില വലിയ തോതില്‍ ഇടിയാന്‍ ഇടയാക്കിയത്. പലിശനിരക്ക് വര്‍ധിക്കുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കും. കാരണം സ്വര്‍ണത്തിലെ നിക്ഷേപത്തിന് പലിശനിരക്ക് ലഭിക്കില്ല. അതിനാല്‍ കൂടുതല്‍ പലിശവരുമാനം ലഭിക്കുന്ന ബാങ്ക് നിക്ഷേപത്തിലേക്ക് നിക്ഷേപകര്‍ സ്വാഭാവികമായി നീങ്ങും. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കുറച്ചുനാള്‍ കൂടി സ്വര്‍ണവിലയിടിവ് തുടരുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ പത്തുദിവസത്തിനിടെ സ്വര്‍ണവിലയില്‍ ഏഴായിരം രൂപയുടെ ഇടിവാണ് ഉണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates