

ന്യൂഡല്‍ഹി: പുരപ്പുറത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വായ്പാ മാനദണ്ഡങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ ഒരുങ്ങുന്നു. ഡിസംബറോടെ 75 ലക്ഷം വീടുകളില്‍ സോളാര്‍ സ്ഥാപിക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാന്‍ ബാങ്കുകള്‍ ഒരുങ്ങുന്നത്.
ഇന്ത്യയിലെ ഗാര്‍ഹിക റൂഫ്‌ടോപ്പ് സോളാര്‍ പദ്ധതിയായ പിഎം സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജനയ്ക്ക് കീഴിലുള്ള റൂഫ്ടോപ്പ് സോളാര്‍ വായ്പകളുടെ ക്രെഡിറ്റ് സ്‌കോര്‍ നിബന്ധനകളിലാണ് ബാങ്കുകള്‍ ഇളവ് വരുത്താന്‍ പോകുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും ആദ്യമായി വായ്പ എടുക്കുന്നവര്‍ക്കും എളുപ്പത്തില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയുന്ന തരത്തിലാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നത്. ഇനി ബാങ്കുകള്‍ ക്രെഡിറ്റ് സ്‌കോറുകളെ മാത്രം ആശ്രയിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പകരം അപേക്ഷകരുടെ യഥാര്‍ഥ തിരിച്ചടവ് ചരിത്രവും കുടിശ്ശിക വിവരങ്ങളും പരിശോധിച്ചായിരിക്കും ബാങ്കുകള്‍ തീരുമാനമെടുക്കുക. കൂടുതല്‍ ആളുകളിലേക്ക് പദ്ധതി എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ മാറ്റം.
നിലവില്‍ മിക്ക ബാങ്കുകളും രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ നല്‍കുന്നത് കുറഞ്ഞത് 650 ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് മാത്രമാണ്. ഒരാളുടെ മുന്‍കാല വായ്പ ഇടപാടുകളുടെയും തിരിച്ചടവുകളുടെയും ചരിത്രം പ്രതിഫലിപ്പിക്കുന്ന സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍. 650ല്‍ താഴെ ക്രെഡിറ്റ് സ്‌കോര്‍ ഉള്ള അപേക്ഷകര്‍ക്ക് വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ശനമായ സമീപമാണ് സ്വീകരിച്ചിരുന്നതെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. മറ്റു ഘടകങ്ങള്‍ പരിഗണിക്കാത്തതിനാല്‍ ഇത് കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്. ഈ നിയന്ത്രണം ഒഴിവാക്കുന്നത് കൂടുതല്‍ ആളുകളെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമാകുമെന്നും അധികൃതര്‍ അറിയിച്ചു. അപേക്ഷകന്റെ ക്രെഡിറ്റ് റെക്കോര്‍ഡിലെ മറ്റു ന്യൂനതകള്‍ മാത്രമായിരിക്കും ബാങ്കുകള്‍ ഇനി ശ്രദ്ധിക്കുക. മനഃപൂര്‍വ്വമുള്ള കുടിശ്ശികകള്‍, നിഷ്‌ക്രിയ ആസ്തികള്‍ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക. എന്നിരുന്നാലും മൂന്ന് കിലോവാട്ടിന് മുകളിലുള്ള സോളാര്‍ സംവിധാനങ്ങള്‍ക്ക് വായ്പ ലഭിക്കാന്‍ ഉപഭോക്താവിന്റെ ചെലവില്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ടതുണ്ട്.
നിബന്ധനകള്‍ ലഘൂകരിക്കുന്നതോടെ പെന്‍ഷന്‍കാര്‍ക്കും, സാധാരണ കുടുംബങ്ങള്‍ക്കും, ആദ്യമായി വായ്പ എടുക്കുന്നവര്‍ക്കും മുന്‍കൂര്‍ വലിയ തുക മുടക്കാതെ തന്നെ വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സാധിക്കും. നിലവില്‍ ചെറിയ പ്ലാന്റുകള്‍ക്ക് ( 3kw വരെ) രണ്ടു ലക്ഷം രൂപ വരെയും വലിയ പ്ലാന്റുകള്‍ക്ക് ആറു ലക്ഷം രൂപ വരെയുമാണ് വായ്പ അനുവദിക്കുന്നത്. ബാങ്കിന്റെ സ്‌കീം പദ്ധതി ചെലവും അനുസരിച്ച് ഇതില്‍ മാറ്റം വരാവുന്നതാണ്. സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്് 78000 രൂപ വരെയാണ് കേന്ദ്ര സബ്‌സിഡി ലഭിക്കുന്നത്. പ്ലാന്റ് ശേഷിക്ക് അനുസരിച്ച് ലഭിക്കുന്ന തുകയില്‍ മാറ്റം വരാം. പൊതുമേഖല ബാങ്കുകള്‍ സാധാരണ നിലയില്‍ 5.50 ശതമാനം മുതല്‍ ആരംഭിക്കുന്ന പലിശനിരക്കുകളിലാണ് വായ്പ അനുവദിക്കുന്നത്. കാലാവധി സാധാരണയായി അഞ്ചുമുതല്‍ 10 വര്‍ഷം വരെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates