

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന് കനത്ത തിരിച്ചടി. നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനി (സിഐസി) ലൈസന്‍സ് സ്വമേധയാ തിരികെ നല്‍കാനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി. ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് സ്വകാര്യ കമ്പനിയായി തുടരാനുള്ള കമ്പനിയുടെ നീക്കമാണ് ഇതിലൂടെ പരാജയപ്പെട്ടത്. അപേക്ഷ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര ബാങ്ക്, കമ്പനിയോട് അടിയന്തരമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടു.
2022ല്‍ ആര്‍ബിഐ പുറപ്പെടുവിച്ച നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ച്, ഒരു ലക്ഷം കോടി രൂപയോ അതില്‍ കൂടുതലോ ആസ്തിയുള്ള വന്‍കിട എന്‍ബിഎഫ്സികള്‍ 'അപ്പര്‍-ലെയര്‍' പരിധിയിലാണ് വരുന്നത്. ടാറ്റ സണ്‍സിന്റെ വിപണി മൂല്യവും ആസ്തിയും ഈ പരിധിയേക്കാള്‍ വളരെ ഉയര്‍ന്നതായതിനാലാണ് ആര്‍ബിഐ അപേക്ഷ നിരസിച്ചത്. ആര്‍ബിഐയുടെ നിര്‍ണായക തീരുമാനത്തോടെ ടാറ്റ സണ്‍സിന്റെ ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്.
സെബി നിയമപ്രകാരം അപ്പര്‍-ലെയര്‍ എന്‍ബിഎഫ്സി വിഭാഗത്തില്‍പ്പെടുന്ന ടാറ്റ സണ്‍സ് നിശ്ചിത സമയപരിധിക്കുള്ളില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. സിഐസി പദവി ഒഴിവാക്കി ഈ ചട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള കമ്പനിയുടെ ശ്രമമാണ് പരാജയപ്പെട്ടത്. ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരികളും വിവിധ ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ കൈവശമായതിനാല്‍ ലിസ്റ്റിങ്ങിനോട് ടാറ്റ ട്രസ്റ്റിന് താല്‍പര്യമില്ലായിരുന്നു. അതേസമയം, കമ്പനിയില്‍ 18 ശതമാനം ഓഹരിയുള്ള ഷാപ്പൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പ് തങ്ങളുടെ മൂലധനം വീണ്ടെടുക്കുന്നതിനായി ലിസ്റ്റിങ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിയന്ത്രണമുള്ള 2.01 ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ള ബിസിനസ്സ് ഭീമന്റെ ഓഹരി വിപണി പ്രവേശനം ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കമ്പനിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങള്‍ പരിഹരിച്ച് ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നത് ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ച് സങ്കീര്‍ണമായ ദൗത്യമായിരിക്കും. ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ കൂടുതല്‍ കര്‍ശനമായ ഭരണനിര്‍വ്വഹണ ചട്ടങ്ങള്‍ക്കും സാമ്പത്തിക സുതാര്യതയ്ക്കും ടാറ്റ സണ്‍സ് വിധേയമാകേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates