

മുംബൈ: ദീപാവലി മുഹൂർത്ത വ്യാപാര സെഷനിലൂടെ പുതുവർഷ പിറവി ആഘോഷമാക്കി ഇന്ത്യൻ വിപണികൾ. മുഹൂർത്ത വ്യാപാരത്തിൽ റെക്കോർഡുകൾ ഭേദിച്ചാണ് വിപണി മുന്നേറിയത്. സൂചികകൾ എക്കാലത്തെയും ഉയരം കുറിച്ചാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 12,750ന് മുകളിലെത്തി. സെൻസെക്‌സ് 194.98 പോയിന്റ് നേട്ടത്തിൽ 43,637.98ലും നിഫ്റ്റി 50.60 പോയിന്റ് ഉയർന്ന് 12,770.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പുതുവർഷമായ സംവത് 2077 മഹൂർത്ത വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് സൂചിക റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വ്യാപാരം നടന്ന ഓഹരികളുടെ എണ്ണത്തിൻ വൻകുതിപ്പാണ് ഇത്തവണയുണ്ടായത്. വരും ദിവസങ്ങളിലും കുതിപ്പ് നിലനിന്നേക്കുമെന്നതിന്റെ സൂചനയായാണിതെന്നാണ് വിലയിരുത്തൽ.
ബിഎസ്ഇയിലെ 1803 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 621 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 128 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ(4.78%), ഐഒസി(2.24%), ടാറ്റ മോട്ടോഴ്‌സ്(1.71%), ഭാരതി എയർടെൽ (1.21%), ടാറ്റ സ്റ്റീൽ(1.21%), സൺ ഫാർമ (1.09%), ബജാജ് ഫിൻസർവ്(1.03%), ഐഷർ മോട്ടോഴ്‌സ്(1.03%) തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
എൻടിപിസി, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, ഹീറോ മോട്ടോർകോർപ്, ഗ്രാസിം, ടൈറ്റാൻ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. അര ശതമാനത്തിൽ താഴെ മാത്രമായിരുന്നു ഈ ഓഹരികളിലെ നഷ്ടം.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.62ശതമാനവും സ്‌മോൾ ക്യാപ് സൂചിക 0.83ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കവാറും സൂചികകൾ നേട്ടമുണ്ടാക്കി. സെൻസെക്‌സ് 447 പോയന്റ് നേട്ടത്തിൽ 43,890ലും നിഫ്റ്റി 115 പോയന്റ് ഉയർന്ന് 12,835ലുമാണ് വ്യാപാരം ആരംഭിച്ചത്.
ദീപാവലി ബലിപ്രതിപദയായതിനാൽ തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ചൊവാഴ്ചയാണ് ഇനി വിപണി പ്രവർത്തിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates