

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. വീട് വാങ്ങുന്നതിന് അല്ലെങ്കില്‍ സ്ഥലം വാങ്ങി വീട് വെയ്ക്കുന്നതിന് സാധാരണഗതിയില്‍ ഭവന വായ്പ എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തില്‍ ഭവന വായ്പ എടുക്കുമ്പോള്‍ മാസംതോറും ഇഎംഐ ആയി എത്ര വരുമെന്നും എത്രകാലം അടയ്‌ക്കേണ്ടി വരുമെന്നാണ് എല്ലാവരും കൂടുതലായി ചിന്തിക്കുക. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പലിശ നിരക്കില്‍ ഉണ്ടാകുന്ന 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെയുള്ള നേരിയ കുറവ് പോലും ലക്ഷക്കണക്കിന് രൂപ ലാഭിക്കാന്‍ സഹായിക്കുമെന്നത് ചിന്തിക്കുന്നവര്‍ കുറവാണ്. പലിശ ഭാരം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍ അറിയാം.
വലിയ ഡൗണ്‍ പേയ്‌മെന്റ്: അനുവദനീയമായ പരമാവധി തുക കടമെടുക്കുന്നതിന് പകരം, കൂടുതല്‍ തുക ഡൗണ്‍ പേയ്‌മെന്റായി നല്‍കുന്നത് ബാങ്കിന്റെ റിസ്‌ക് കുറയ്ക്കുകയും മികച്ച വ്യവസ്ഥകളില്‍ വായ്പ ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.
സിബില്‍ സ്‌കോര്‍ നിലനിര്‍ത്തുക: വായ്പ നല്‍കുന്നതിന് മുന്‍പ് ബാങ്കുകള്‍ ആദ്യം പരിശോധിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ ആണ്. കൃത്യസമയത്ത് ബില്ലുകളും ഇഎംഐകളും അടയ്ക്കുന്നത് മികച്ച സ്‌കോര്‍ നേടാനും കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കാനും സഹായിക്കും.
ബാങ്കുകളെ താരതമ്യം ചെയ്യുക: വായ്പയ്ക്കായി ആദ്യമായി ഒരു ബാങ്കിനെ സമീപിക്കുമ്പോള്‍ ആദ്യത്തെ ഓഫര്‍ തന്നെ സ്വീകരിക്കുന്നത് ഒരു സാമ്പത്തിക തെറ്റാണ്. വിവിധ ബാങ്കുകളുടെ പലിശ നിരക്കുകള്‍, പ്രോസസ്സിങ് ചാര്‍ജുകള്‍ എന്നിവ താരതമ്യം ചെയ്യുന്നത് മെച്ചപ്പെട്ട ഡീല്‍ കണ്ടെത്താനും ബാങ്കുമായി വിലപേശാനും സഹായിക്കും.
വരുമാന സ്ഥിരതയും സഹ അപേക്ഷകനും: സ്ഥിരമായ വരുമാനം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നത് ബാങ്കുകള്‍ക്ക് വായ്പ എടുക്കുന്നയാളിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കും. നല്ല ക്രെഡിറ്റ് സ്‌കോറുള്ള ഒരു പങ്കാളിയെ കോ-അപേക്ഷകനായി ചേര്‍ക്കുന്നതും വായ്പ വ്യവസ്ഥകള്‍ അനുകൂലമാക്കാന്‍ സഹായിക്കും.
വായ്പ പുതുക്കിക്കൊണ്ടിരിക്കുക: വായ്പ അനുവദിച്ചു എന്നത് ഒരു അവസാന പ്രക്രിയ അല്ല. വിപണിയിലെ പലിശ നിരക്കുകള്‍ മാറുമ്പോള്‍ വായ്പ പുനഃപരിശോധിക്കുകയോ, കുറഞ്ഞ നിരക്കുള്ള മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റുകയോ ചെയ്യാവുന്നതാണ്.
ബാങ്കുമായി ചര്‍ച്ച: പലിശ നിരക്കുകള്‍ എപ്പോഴും നിശ്ചിതമല്ല. നല്ല ബാങ്കിങ് ബന്ധവും സ്‌കോറും ഉണ്ടെങ്കില്‍ പലിശ കുറയ്ക്കാന്‍ ബാങ്കുമായി ചര്‍ച്ചകള്‍ നടത്താവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates