തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ മേഖലയില്‍ നിക്ഷേപവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കാനും വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായുള്ള നിയമ ഭേദഗതിചട്ടങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും കിന്‍ഫ്രയുടെയും കെഎസ്ഐഡിസിയുടെയും ഭൂമി വിതരണം ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ (ലാന്‍ഡ് ഡിസ്പോസല്‍ റെഗുലേഷന്‍സ്) പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇനി മുതല്‍ വന്‍കിട നിക്ഷേപകര്‍ ആദ്യവര്‍ഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാല്‍ മതിയാകും. പിന്നീട് രണ്ടുവര്‍ഷം മൊറോട്ടോറിയവും ലഭിക്കും. പാട്ട കാലാവധി 90 വര്‍ഷമാക്കുകയും ചെയ്യും. വ്യവസായ വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കിന്‍ഫ്രയും കെഎസ്‌ഐഡിസിയും പിന്തുടരുന്ന പാട്ടവ്യവസ്ഥകള്‍ കാലോചിതമായും നിക്ഷേപ സൗഹൃദമായും പരിഷ്‌കരിക്കുകയാണ് ചട്ട ഭേദഗതിയിലൂടെ ചെയ്തിരിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.
നിലവില്‍ കിന്‍ഫ്രയില്‍ നിന്ന് വ്യാവസായിക സംരംഭങ്ങള്‍ക്ക് ഭൂമി പാട്ടത്തിനെടുക്കുന്നവര്‍ക്ക് 30 മുതല്‍ 60 വര്‍ഷം വരെയാണ് പാട്ടക്കാലാവധി അനുവദിക്കുന്നത്. പാട്ടത്തുകയുടെ 10 ശതമാനം മുന്‍കൂറായും 50 ശതമാനം ഒരു മാസത്തിനകവും നല്‍കണം. ബാക്കി തുക പലിശ സഹിതം 2 വര്‍ഷം കൊണ്ട് 2 ഗഡുക്കളായും അടക്കണമെന്നാണ് ചട്ടം.
ഇനിമുതല്‍ എല്ലാ നിക്ഷേപകര്‍ക്കും 60 വര്‍ഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടി രൂപക്ക് മുകളിലെ നിക്ഷേപമാണെങ്കില്‍ 90 വര്‍ഷം വരെ കാലാവധിയില്‍ ഭൂമി അനുവദിക്കും. കുറഞ്ഞത് 10 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ അനുവദിക്കുക. 50-100 കോടി വിഭാഗത്തില്‍ വരുന്നവയ്ക്ക് ആകെ പാട്ട പ്രീമിയത്തിന്റെ 20 ശതമാനം തുകയും 100 കോടിക്ക് മേല്‍ നിക്ഷേപം വരുന്നവയ്ക്ക് 10 ശതമാനം തുകയും മുന്‍കൂട്ടി അടച്ചാല്‍ മതി. ആദ്യവിഭാഗക്കാര്‍ ബാക്കി 80 ശതമാനം തുക കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പലിശ സഹിതം 5 തുല്യ വാര്‍ഷിക ഗഡുക്കളായും 100 കോടിക്ക് മേല്‍ നിക്ഷേപം കൊണ്ടുവരുന്നവര്‍ ബാക്കിയുള്ള 90 ശതമാനം പാട്ടത്തുക പലിശസഹിതം 9 തുല്യ വാര്‍ഷിക തവണകളായും അടച്ചാല്‍ മതി. മുന്‍കൂര്‍ തുക അടച്ച തീയതി മുതല്‍ 24 മാസം വരെ പലിശയോടു കൂടിയ മൊറട്ടോറിയം ലഭിക്കാനും അവസരമുണ്ടെന്നും മന്ത്രി അറിയിച്ചു.
50 ഏക്കറിന് മുകളില്‍ ഭൂമിയും 100 കോടി രൂപ കുറഞ്ഞ നിക്ഷേപവും വരുന്ന റിന്യൂവബിള്‍, ഗ്രീന്‍ എനര്‍ജി മേഖലകളിലെ ഹൃസ്വകാല പദ്ധതികളില്‍ വാര്‍ഷിക വാടക അടിസ്ഥാനത്തില്‍ ഭൂമി അനുവദിക്കും. ഇത്തരം യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് 20 വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവുണ്ട്. കോസ്റ്റ് റിക്കവറി അടിസ്ഥാനത്തില്‍ ജി എസ് ടിയോട് കൂടിയ വാടക അതതു സര്‍ക്കാര്‍ ഏജന്‍സികളാണ് തീരുമാനിക്കുക.
ഭൂമി അനുവദിക്കപ്പെട്ടയാളുടെ മരണമോ പദ്ധതി തുടരാനാകാത്ത വിധമുള്ള തടസമോ ഉണ്ടായാല്‍, അധിക ചെലവില്ലാതെ തന്നെ നിയമപരമായ അവകാശികളിലേക്ക് കൈമാറ്റം നടത്തി ക്രമവല്‍ക്കരിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. നിലവിലെ ചട്ടപ്രകാരം പദ്ധതിയില്‍ നിന്ന് പുറത്ത് പോകുന്നവര്‍ ഏതു സമയത്തും അവശേഷിക്കുന്ന പാട്ടത്തുക പൂര്‍ണ്ണമായും അടച്ചുതീര്‍ക്കണം. എന്നാല്‍ ഇനിമുതല്‍ ഇത്തരത്തില്‍ പുറത്തുകടക്കാനും മറ്റൊരു സംരംഭകന് വ്യവസായം കൈമാറാനും ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് വിവിധ സ്ലാബുകളനുസരിച്ച് ഡി എല്‍ പി തിരിച്ചടക്കാനുള്ള സൗകര്യമുണ്ട്. വാണിജ്യ ഉല്‍പ്പാദനം ആരംഭിച്ച തീയതി മുതല്‍ 5 വര്‍ഷത്തില്‍ താഴെ മാത്രം പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ഡി എല്‍ പിയുടെ പകുതി അടച്ചാല്‍ മതിയാകും. 5 മുതല്‍ 7 വര്‍ഷം വരെ പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ഡി എല്‍ പിയുടെ 20 ശതമാനവും 7 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചവ ഡി എല്‍ പിയുടെ 10 ശതമാനവും നല്‍കിയാല്‍ മതി. ഒരേ മാനേജ്മെന്റിന് കീഴില്‍ കോടതിയോ എന്‍ സി എല്‍ ടിയോ അംഗീകരിച്ച ലയനങ്ങള്‍ക്കോ സംയോജനങ്ങള്‍ക്കോ നിലവിലെ ലീസ് പ്രീമിയത്തിന്റെ ഒരു ശതമാനം ബാധകമായിരിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭൂമി ലഭ്യമായവര്‍ നിര്‍മ്മിച്ച ബില്‍റ്റ്-അപ്പ് സ്ഥലം ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ക്കും വെയര്‍ ഹൗസ് സൗകര്യങ്ങളുടെ സബ്-ലീസിങ്ങിനും വേണ്ടി യഥാര്‍ത്ഥ പാട്ടക്കാലയളവില്‍ കവിയാത്ത കാലത്തേക്ക് മറ്റോരു ഓപ്പറേറ്റര്‍ക്ക് സബ് ലീസിന് നല്‍കാനും ഇനിമുതല്‍ അനുവാദമുണ്ട്.
കിന്‍ഫ്രയും കെ എസ് ഐഡിസിയും കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കേരളത്തില്‍ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും വ്യവസായ പാര്‍ക്കുകള്‍ സൃഷ്ടിക്കുന്നതിലും ഭാവി സംരംഭകര്‍ക്ക് ദീര്‍ഘകാല പാട്ട വ്യവസ്ഥയില്‍ ഭൂമി അനുവദിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചുവരുന്നുണ്ടെങ്കിലും ഇന്ത്യയിലുടനീളമുള്ള മികച്ച സമ്പ്രദായങ്ങള്‍ക്കനുസൃതമായി ഈ നയങ്ങള്‍ നവീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഭൂവിതരണ ചട്ടങ്ങള്‍ അവലോകനം ചെയ്ത് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. പരിഷ്‌കരിച്ച ചട്ടങ്ങള്‍ സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് ഗണ്യമായ ഉത്തേജനം നല്‍കുമെന്നും വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും അനുകൂലമായ ബിസിനസ് അന്തരീക്ഷം വളര്‍ത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates