

ചെന്നൈ: റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാതെ സുഖമായി ജീവിക്കുന്നതിന് വേണ്ടി നേരത്തെ തന്നെ സമ്പാദ്യശീലം ആരംഭിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ചിലര്‍ സുരക്ഷിത നിക്ഷേപം തേടി ബാങ്കുകളെയും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെയും ആശ്രയിക്കുമ്പോള്‍ മറ്റു ചിലര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറായി ഓഹരി വിപണിയെയും മറ്റുമാണ് സമീപിക്കുന്നത്. കുറെയധികം ആളുകള്‍ വൈവിധ്യവത്കരണത്തിനും മുതിരുന്നുണ്ട്. റിസ്‌കും സുരക്ഷിതത്വവും എല്ലാം ചേര്‍ന്നുള്ള പോര്‍ട്ട്‌ഫോളിയോയാണ് ഇവര്‍ പിന്തുടരുന്നത്. വലിയ നേട്ടം ഉണ്ടാക്കാന്‍ ഇതാണ് മികച്ച പ്ലാന്‍ എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ഇപ്പോള്‍ ജോലിയില്‍ നിന്ന് നേരത്തെ വിരമിക്കുക എന്ന ലക്ഷ്യത്തോടെ 32-ാം വയസില്‍ 1.05 കോടി രൂപയുടെ സമ്പാദ്യം കെട്ടിപ്പടുത്തതായുള്ള ചെന്നൈ സ്വദേശിനിയുടെ അവകാശവാദമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രതിമാസ വരുമാനമായ 1.20 ലക്ഷം രൂപയില്‍ 86,000 രൂപയും നിക്ഷേപത്തിനായി നീക്കിവെച്ചാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നാണ് യുവതിയുടെ വാദം. അതായത് വരുമാനത്തിന്റെ 72 ശതമാനവും സമ്പാദ്യത്തിനായി മാറ്റിവെച്ചു എന്ന് അര്‍ത്ഥം.
ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍, പ്രൊവിഡന്റ് ഫണ്ട്, ബാങ്ക് സേവിങ്‌സ് എന്നിവയിലൂടെയാണ് ഏകദേശം 1.05 കോടി രൂപയുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ കെട്ടിപ്പടുത്തതെന്നാണ് യുവതി പറയുന്നത്. 2019 മുതല്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നുണ്ട്. നിലവില്‍ പോര്‍ട്ട്‌ഫോളിയോ മൂല്യം ഏകദേശം 25 ലക്ഷം രൂപയാണ്. അടുത്തിടെ ഓഹരികളില്‍ ഏകദേശം 38 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഓഹരി, മ്യൂച്ചല്‍ ഫണ്ട് എന്നിവയ്ക്ക് പുറമേ സോവറിന്‍ ഗോള്‍ഡ് ബോണ്ട്, പ്രൊവിഡന്റ് ഫണ്ട്, ബാങ്ക് എന്നിവിടങ്ങളിലും നിക്ഷേപമുണ്ടെന്നും യുവതി അവകാശപ്പെടുന്നു.
2023ല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ 11.7 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ഏകദേശം 24 ലക്ഷം രൂപയാണ്. ബാങ്ക് അക്കൗണ്ടില്‍ മറ്റൊരു ആറുലക്ഷം രൂപയുണ്ട്. ഇവയെല്ലാം ചേരുമ്പോഴാണ് ആകെ നിക്ഷേപം ഏകദേശം 1.05 കോടി രൂപയായി എത്തുന്നതെന്നും അവര്‍ പറയുന്നു.
പ്രതിമാസ വരുമാനത്തിന്റെ വലിയൊരു ഭാഗം അവര്‍ തുടര്‍ന്നും നിക്ഷേപിക്കുന്നുണ്ട്. പ്രതിമാസം 60,000 രൂപയാണ് മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് മാറ്റിവെയ്ക്കുന്നത്. ഇപിഎഫ് ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ 26,000 രൂപയുമാണ് മാസംതോറും നിക്ഷേപിക്കുന്നത്. ബാക്കി 34,000 രൂപ മാത്രമാണ് ജീവിതച്ചെലവുകള്‍ക്കായി ഉപയോഗിക്കുന്നതെന്നും അവര്‍ പറയുന്നു. 32-ാം വയസില്‍ തന്നെ 1.05 കോടി രൂപയുടെ സമ്പത്ത് ഉണ്ടാക്കിയെങ്കിലും ഇനി കൂടുതല്‍ സമ്പാദിക്കാനല്ല ലക്ഷ്യമെന്നും അടുത്ത എട്ടു പത്തുവര്‍ഷത്തിനകം സാമ്പത്തിക സ്വാതന്ത്ര്യം നേടാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി വ്യക്തമാക്കി.
40-42 വയസ്സിനുള്ളില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടി ജോലിയില്‍നിന്ന് വിരമിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതേസമയം, വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും നിക്ഷേപിച്ചാല്‍ ചെന്നൈയില്‍ 34,000 രൂപയ്ക്ക് എങ്ങനെ ജീവിക്കാന്‍ സാധിക്കുമെന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിച്ചു. ഭാവിയിലെ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ വിരമിച്ചതിന് ശേഷമുള്ള ജീവിതത്തിന് ഈ തുക മതിയാകുമോയെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയിലും അഭിപ്രായവ്യത്യാസമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates