രൂപ റെക്കോര്‍ഡ് ഇടിവില്‍, 13 പൈസയുടെ നഷ്ടം, ഓഹരി വിപണിയും 'റെഡില്‍'; ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ 13 പൈസയുടെ നഷ്ടത്തോടെ 88.41ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഏഷ്യന്‍ വിപണിയിലെ ഇടിവുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഇന്നലെയും നഷ്ടത്തിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.
ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചതും എച്ച് വണ്‍ബി വിസയ്ക്ക് ഫീസ് വര്‍ധിപ്പിച്ചതും രൂപയെ സ്വാധീനിച്ചതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എച്ച് വണ്‍ബി വിസയ്ക്ക് ഫീസ് വര്‍ധിപ്പിച്ചത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഐടി ഓഹരികളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കലിന് ഇടയാക്കിയിട്ടുണ്ട്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപയെ ബാധിച്ചതായും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.
അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ്. സെന്‍സെക്‌സ് 240 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,150 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ടെക് മഹീന്ദ്ര, ടിസിഎസ് അടക്കമുള്ള ഐടി കമ്പനികളും റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഓഹരികളുമാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
Rupee falls 13 paise, Sensex falls 240 pts, Nifty at 25,150, IT stocks in red
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

