

നിക്ഷേപിക്കുന്ന പണത്തില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാതെ 100 ശതമാനം സുരക്ഷ ഉറപ്പാക്കുകയും ഇതോടൊപ്പം വലിയ തോതിലുള്ള വരുമാന നേട്ടവും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനാല്‍ തന്നെ സര്‍ക്കാര്‍ നിക്ഷേപ പദ്ധതികള്‍ക്കും ബാങ്ക് നിക്ഷേപങ്ങള്‍ക്കും പിന്നാലെ പോകുന്നവരാണ് വലിയൊരു വിഭാഗം ജനങ്ങളും. അതിനിടെ 100 ശതമാനം സുരക്ഷിതമായ കെഎസ്എഫ്ഇ എന്ന ഓപ്ഷനെ ഗൗരവത്തോടെ കാണുന്നവര്‍ ചുരുക്കമാണ്. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്. കൂടെയുള്ള മറ്റുള്ളവര്‍ അടവ് മുടക്കിയാല്‍ പോലും നിക്ഷേപം പൂര്‍ണമായി സുരക്ഷിതമാണ് എന്നതാണ് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്.
മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം റിസ്‌ക് ഉള്ളതാണ്. എന്നാല്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കെഎസ്എഫ്ഇ ചിട്ടിയും മ്യൂച്ചല്‍ ഫണ്ടും സംയോജിപ്പിച്ച് കൊണ്ടുള്ള ചില നിക്ഷേപ തന്ത്രങ്ങള്‍ താഴെ:
ചിട്ടി ലേലം വിളിച്ചെടുക്കുകയോ, അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയോ ഒറ്റത്തവണയായി ഒരു നല്ല ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലോ, ഹൈബ്രിഡ് ഫണ്ടിലോ നിക്ഷേപിക്കുകയാണെങ്കില്‍ കൂടുതല്‍ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ചിട്ടിയിലൂടെ ലഭിക്കുന്ന വലിയ തുകയ്ക്ക് വിപണിയില്‍ ദീര്‍ഘകാലത്തേക്ക് വളരാന്‍ അവസരം ലഭിക്കുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം.
ചിട്ടി വിളിച്ച് കിട്ടുന്ന തുക ലിക്വിഡ് ഫണ്ടിലോ, അല്ലെങ്കില്‍ ബാങ്ക് സ്ഥിര നിക്ഷേപത്തിലോ ഇടുക. ഇതില്‍ നിന്ന് പ്രതിമാസം ലഭിക്കുന്ന നിശ്ചിത തുക പ്രയോജനപ്പെടുത്തി കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എസ്‌ഐപി വഴിയാണ് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കേണ്ടത്. ഇത് വിപണിയിലെ ഇറക്കങ്ങളില്‍ നിന്ന് സുരക്ഷിതത്വം ലഭിക്കുകയും റിസ്‌ക് കുറയുകയും ചെയ്യുമെന്നാണ് നേട്ടം.
കൈവശമുള്ള വലിയൊരു തുക മ്യൂച്വല്‍ ഫണ്ടുകളുടെ എസ്ഡബ്ല്യൂപി അല്ലെങ്കില്‍ ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിച്ച് അതില്‍ നിന്ന് ലഭിക്കുന്ന പ്രതിമാസ വരുമാനം ഉപയോഗിച്ച് കെഎസ്എഫ്ഇ ചിട്ടി അടയ്ക്കുക. മൂലധനം സുരക്ഷിതമായിരിക്കുന്നതോടൊപ്പം ചിട്ടി സേവിങ്‌സ് തുടരുകയും ചെയ്യാമെന്നതാണ് നേട്ടം. ചിട്ടിയിലെ ലേലക്കിഴിവും മ്യൂച്വല്‍ ഫണ്ടിലെ വിപണി വ്യതിയാനങ്ങളും അനുസരിച്ച് തുകയില്‍ മാറ്റങ്ങള്‍ വരാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates