

സെപ്റ്റംബര്‍ മാസത്തിലും സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഐടിആര്‍ റിട്ടേണ്‍ സമയപരിധി, എല്‍പിജി ഇ- കെവൈസി കാലാവധി തുടങ്ങി നിരവധി രംഗങ്ങളിലാണ് സെപ്റ്റംബര്‍ ഒന്നുമുതല്‍ മാറ്റം വരുന്നത്. ഇവ ഓരോന്നും ചുവടെ:
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് സ്റ്റാമ്പ് ചെയ്യേണ്ടതില്ല
സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇനിമുതല്‍ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ബോര്‍ഡിങ് പാസ് സ്റ്റാമ്പ് ചെയ്യിക്കേണ്ടതില്ല. യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണുകളിലെ ഇലക്ട്രോണിക് ബോര്‍ഡിങ് പാസോ പ്രിന്റ് ചെയ്ത കോപ്പിയോ ഇനിമുതല്‍ ഉപയോഗിക്കാം. ഇത് യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരം.
ഐടിആര്‍ റിട്ടേണ്‍
ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ വരുമാനമുള്ള, ഓഡിറ്റ് ആവശ്യമില്ലാത്ത നികുതിദായകര്‍ ആദായനികുതി റിട്ടേണ്‍ ഓഗസ്റ്റ് 31നകം ഫയല്‍ ചെയ്യേണ്ടതാണ്. ഐടിആര്‍-3, ഐടിആര്‍-4 എന്നിവ ഫയല്‍ ചെയ്യുന്ന അര്‍ഹരായ നികുതിദായകര്‍ക്കാണ് ഈ സമയപരിധി ബാധകമാകുക. ഈ സമയപരിധിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴയോട് കൂടി ബിലേറ്റഡ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതായി വരും.
എല്‍പിജി ഇ-കെവൈസി
എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിക്കും. ഇതുവരെ ഇ-കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് മാത്രമാണ് ഇതുസംബന്ധിച്ച സന്ദേശം കമ്പനികള്‍ അയയ്ക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഇ-കെവൈസി നല്‍കിയിട്ടുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇ-കെവൈസി നിര്‍ബന്ധമായി നല്‍കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡി നിരക്കില്‍ സിലിണ്ടറുകള്‍ ലഭിക്കില്ലെന്നും വാണിജ്യ നിരക്കില്‍ സിലിണ്ടറുകള്‍ വാങ്ങേണ്ടി വന്നേക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിശ്ചിത തീയതിക്കകം ബയോമെട്രിക് അപ്ഡേഷന്‍ നല്‍കിയില്ലെങ്കില്‍ ഗാര്‍ഹിക സിലിണ്ടര്‍ ആനൂകൂല്യം ലഭിക്കില്ല എന്ന തരത്തില്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഗ്യാസ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2024ല്‍ ആരംഭിച്ച ഇ- കെവൈസി അപ്ഡേഷന്‍ കര്‍ശനമാക്കിയത് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സിലിണ്ടര്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ്. ഗ്യാസ് സിലിണ്ടര്‍ യഥാര്‍ഥ ഉടമകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കാനാണ് അപ്ഡേഷന്‍ എന്നാണ് കമ്പനികളുടെ വാദം.
വിതരണ ഏജന്‍സികള്‍ മുഖേനെയും കമ്പനികളുടെ ആപ്പ് വഴി ഓണ്‍ലൈനായും അപ്ഡേഷന്‍ നടത്താം. സിലിണ്ടര്‍ വിതരണത്തിനായി ഏജന്‍സി ജീവനക്കാര്‍ വീട്ടിലെത്തുമ്പോഴും അപ്ഡേഷന്‍ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ അപ്ഡേഷനായി കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാര്‍ ഫെയ്സ് ആര്‍ഡി ആപ്പും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. സംശയങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍: 1800 2333555ല്‍ ബന്ധപ്പെടാവുന്നതാണ്.
പുതിയ സ്ഥിര നിക്ഷേപ വ്യവസ്ഥകള്‍
ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് നിയന്ത്രിക്കുന്ന ചട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് ഭേദഗതി വരുത്തിയിട്ടുണ്ട്. മൂന്ന് കോടി രൂപയുടെ അതില്‍ കൂടുതലുമുള്ള ബാങ്ക് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10.10നകം ബാങ്കുകള്‍ ഇത്തരം നിക്ഷേപങ്ങളുടെ ബാധകമായ പലിശനിരക്ക് അവരുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്. നിക്ഷേപ നിരക്കുകളിലെ സുതാര്യത മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നടപടി. ഒക്ടോബര്‍ ഒന്നുമുതലാണ് പുതിയ വ്യവസ്ഥ നിലവില്‍ വരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates