കൈയില്‍ നിന്ന് പണമിറക്കാതെ അടച്ചുതീര്‍ക്കാം; കെഎസ്എഫ്ഇ ചിട്ടിയും ബാങ്ക് എഫ്ഡിയും ചേര്‍ന്നുള്ള സ്മാര്‍ട്ട് നിക്ഷേപ തന്ത്രം, അറിയാം വിശദമായി

കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 100 ശതമാനം സുരക്ഷ വാഗ്ദാനം ചെയ്യുന്നു.
Smart investment strategy with KSFE chitty and bank FD
Smart investment strategy with KSFE chitty and bank FDai image
Edited By:
Updated on
2 min read

നിക്ഷേപിക്കുന്ന പണത്തില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാതെ 100 ശതമാനം സുരക്ഷയും വലിയ തോതിലുള്ള വരുമാന നേട്ടവും ആഗ്രഹിക്കുന്ന നിക്ഷേപകരില്‍ ഭൂരിഭാഗം പേരും ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പിന്നാലെ പോകുന്നതാണ് കണ്ടുവരുന്നത്. അതിനിടെ 100 ശതമാനം സുരക്ഷിതമായ കെഎസ്എഫ്ഇ എന്ന ഓപ്ഷനെ ഗൗരവത്തോടെ കാണുന്നവര്‍ ചുരുക്കമാണ്.

രാജ്യത്ത് ആര്‍ബിഐയുടെ കീഴില്‍ വരാത്ത ചുരുക്കം ചില ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് കെഎസ്എഫ്ഇ. കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 100 ശതമാനം സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്. കൂടെയുള്ള മറ്റുള്ളവര്‍ അടവ് മുടക്കിയാല്‍ പോലും നിക്ഷേപം പൂര്‍ണമായി സുരക്ഷിതമാണ് എന്നതാണ് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്.

കെഎസ്എഫ്ഇ ചിട്ടികളും ബാങ്ക് നിക്ഷേപവും ചേര്‍ത്തു കൊണ്ടുള്ള ഒരു വ്യത്യസ്ത നിക്ഷേപ മാര്‍ഗം പരിചയപ്പെടാം. യാതൊരുവിധ റിസ്‌കും ഇല്ലാതെ ഫ്രീ ആയി പ്രതിമാസ ചിട്ടിത്തവണകള്‍ അടഞ്ഞു പോകുകയും സമ്പാദ്യം ഉറപ്പാക്കുകയും ചെയ്യുന്ന വഴിയാണിത്. ബാങ്കില്‍ എഫ്ഡികള്‍ക്ക് ശരാശരി 6.5 ശതമാനം മുതല്‍ 7.5 ശതമാനം വരെ പലിശ ലഭിക്കും. ലേല കിഴിവ് അനുസരിച്ച് ചിട്ടിയിലെ റിട്ടേണില്‍ വ്യത്യാസം വരും. ബാങ്ക് നിക്ഷേപം എപ്പോള്‍ വേണമെങ്കിലും എളുപ്പത്തില്‍ പിന്‍വലിക്കാം. എന്നാല്‍ ചിട്ടി ലഭിക്കാന്‍ ഒന്നെങ്കില്‍ അത് വിളിച്ചെടുക്കുകയോ, കാലാവധി കഴിയാന്‍ കാത്തിരിക്കുകയോ വേണം. വിളിച്ചെടുക്കുന്നതിലൂടെ വലിയൊരു തുക മുന്‍കൂറായി കൈയില്‍ കിട്ടും എന്ന വ്യത്യാസമുണ്ട്.

വിവാഹം, സ്വന്തമായി വീട്, ബിസിനസ് ഇങ്ങനെ ഭാവിയില്‍ വലിയ തുക പെട്ടെന്ന് ആവശ്യമായി വരുന്ന സമയത്ത് ചിട്ടി അനുയോജ്യമാണ്. ചിട്ടി ലേലം വിളിച്ചെടുക്കുമ്പോള്‍ ബാങ്ക് വായ്പകളേക്കാള്‍ കുറഞ്ഞ ചെലവില്‍ ഫണ്ട് നേടാന്‍ സാധിക്കും. കെഎസ്എഫ്ഇ ചിട്ടി ലേലം വിളിച്ച് കിട്ടുന്ന തുക ഉടന്‍ തന്നെ ഉയര്‍ന്ന പലിശ ലഭിക്കുന്ന ബാങ്ക് എഫ്ഡിയിലോ കെഎസ്എഫ്ഇ സ്ഥിര നിക്ഷേപത്തിലോ നിക്ഷേപിച്ച് സമ്പാദ്യം ഉറപ്പാക്കുന്നതാണ് പ്ലാന്‍.

പ്ലാന്‍ ഇങ്ങനെ

എഫ്ഡിയില്‍ നിന്ന് ലഭിക്കുന്ന മാസവരുമാനം ഉപയോഗിച്ച് ചിട്ടിയുടെ ബാക്കി ഗഡുക്കള്‍ അടയ്ക്കാന്‍ സാധിക്കുന്ന തരത്തിലാണ് പ്ലാന്‍. ഉദാഹരണമായി ചിട്ടി തുക 10 ലക്ഷം രൂപയാണെന്ന് കരുതുക. ചിട്ടി ലേലം വിളിച്ചെടുത്ത ശേഷം കൈയില്‍ കിട്ടുന്ന തുക 8.5 ലക്ഷം രൂപയാണ് എന്ന് വിചാരിക്കുക. ബാങ്ക് എഫ്ഡി പലിശ നിരക്ക് പ്രതിവര്‍ഷം 7.5 ശതമാനമാണെങ്കില്‍ ഏകദേശം 5300 രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. ഈ 5300 രൂപ ഉപയോഗിച്ച് ചിട്ടിയുടെ ബാക്കി ഗഡുക്കള്‍ അടയ്ക്കാന്‍ സാധിക്കും. ലേലക്കിഴിവ് ലഭിക്കുമ്പോള്‍ ചിട്ടിയുടെ പ്രതിമാസ അടവ് തുക കുറയുന്നതിനാല്‍ എഫ്ഡി പലിശ അടവിനായി നല്ല രീതിയില്‍ സഹായകരമാകും. ചിട്ടി ലേലം വിളിച്ച് തുക പിന്‍വലിക്കുമ്പോള്‍ വസ്തുവിന്റെ പ്രമാണം, സാലറി സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകള്‍ എന്നിവ ജാമ്യമായി നല്‍കേണ്ടി വരും. ഇത് തരപ്പെടുത്താന്‍ കഴിയുമോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ചിട്ടിയില്‍ നിന്ന് ലഭിച്ച തുക ചെലവാക്കാതെ സമ്പാദ്യമായി സൂക്ഷിക്കാന്‍ സാധിക്കുന്നു. കൈയില്‍ നിന്ന് അധിക പണമിറക്കേണ്ടതില്ല എന്നതാണ് മറ്റൊരു മെച്ചം. അതായത് ചിട്ടിയുടെ അവസാന ഗഡുക്കള്‍ അടയ്ക്കാന്‍ സ്വന്തം വരുമാനത്തില്‍ നിന്ന് തുക മാറ്റി വെയ്‌ക്കേണ്ടതില്ല എന്ന് സാരം.

Smart investment strategy with KSFE chitty and bank FD
എല്‍ഐസിയുടെ ഓഹരി വിറ്റ് 31,000 കോടി സമാഹരിക്കും, ഓഫര്‍ ഫോര്‍ സെയില്‍ പ്രഖ്യാപിച്ച് കേന്ദ്രം; വിപണിയില്‍ ഏഴു ശതമാനം ഇടിവ്, തറവില അറിയാം
Smart investment strategy with KSFE chitty and bank FD
'നുമ്മ കൊച്ചിക്കാര്‍ ഫുള്‍ ഡിജിറ്റലാണ്', യുപിഐ ഇടപാടുകളില്‍ മുന്നില്‍ നിന്ന് നയിച്ച് എറണാകുളം; സംസ്ഥാനത്തിന്റെ അഞ്ചിലൊന്ന്, ജില്ലാ കണക്ക് ഇങ്ങനെ
Summary

Smart investment strategy with KSFE chitty and bank FD, know in detail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com