

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ്എക്സ് ഓഹരി വിപണിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഏതാനും ആഴ്ചകളായി പുറത്തുവരുന്നുണ്ട്. ഓഹരി വിപണിയില്‍ എത്തിയാല്‍, ഈ വമ്പന്‍ ഐപിഒ കമ്പനിയിലെ നിലവിലെയും മുന്‍കാലത്തെയും 4,400ലേറെ ജീവനക്കാര്‍ക്ക് ജീവിതം മാറ്റിമറിക്കുന്ന സാമ്പത്തിക നേട്ടം സമ്മാനിക്കുമെന്ന വിവരമാണ് ഒടുവില്‍ പുറത്തുവരുന്നത്. കമ്പനിയുടെ ഓഹരികള്‍ കൈവശമുള്ള ആയിരക്കണക്കിന് ജീവനക്കാര്‍ പൊതുവിപണിയിലെ ലിസ്റ്റിങ്ങിന് ശേഷം കോടീശ്വരന്മാരാകുമെന്നാണ് വിലയിരുത്തല്‍.
ലോകത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന സ്‌പേസ്എക്‌സ്, ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 7500 കോടി ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ മൂല്യം 1.77 ലക്ഷം കോടി ഡോളര്‍ വരെ ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌പേസ്എക്‌സിന്റെ വളര്‍ച്ചയുടെ പ്രധാന സവിശേഷതകളിലൊന്ന് ജീവനക്കാര്‍ക്ക് ഓഹരികളും സ്റ്റോക്ക് ഓപ്ഷനുകളും നല്‍കുന്ന പ്രതിഫല സംവിധാനമാണ്. കമ്പനിയുടെ ഐപിഒ രേഖകളില്‍ ഇക്വിറ്റി അധിഷ്ഠിത പ്രതിഫലത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി എന്‍ജിനീയര്‍മാര്‍ മുതല്‍ വെല്‍ഡര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങി നിരവധി പേര്‍ക്ക് കമ്പനിയുടെ വളര്‍ച്ചയില്‍ നേരിട്ടുള്ള സാമ്പത്തിക പങ്കാളിത്തം ലഭിച്ചു.
വര്‍ഷങ്ങള്‍ക്കുമുമ്പ് കുറഞ്ഞ വിലയ്ക്ക് ലഭിച്ച ഓഹരികളാണ് ഇന്ന് വമ്പന്‍ മൂല്യത്തിലെത്തിയിരിക്കുന്നത്. ഒരുകാലത്ത് 2 ഡോളറിന് ലഭിച്ച ചില ഓഹരികള്‍ ഐപിഒ സമയത്ത് 135 ഡോളറിനടുത്ത് വിലമതിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇതാണ് ആയിരക്കണക്കിന് ജീവനക്കാരുടെ സമ്പത്ത് പെട്ടെന്ന് വര്‍ധിക്കാന്‍ കാരണമാകുന്നത്. എന്നാല്‍, ഐപിഒ കഴിഞ്ഞ ഉടന്‍ എല്ലാ ജീവനക്കാര്‍ക്കും അവരുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സാധിക്കില്ല. സാധാരണ ഐപിഒകളില്‍ ഉള്ളതുപോലെ, സ്‌പേസ്എക്‌സ് ജീവനക്കാരുടെയും മുന്‍ ജീവനക്കാരുടെയും ഓഹരികളില്‍ നിശ്ചിത ലോക്ക്-അപ്പ് കാലയളവ് ബാധകമായേക്കും. അതിനാല്‍ സമ്പത്തിന്റെ മൂല്യം ഉയര്‍ന്നാലും അത് ഉടന്‍ പണമായി മാറ്റാനാകില്ല.
ഐപിഒയ്ക്ക് മുന്നോടിയായി, 1,000ലേറെ ജീവനക്കാര്‍ സാമ്പത്തിക ആസൂത്രണത്തിനും നികുതി ലാഭ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി പ്രത്യേക കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഒ വഴി ലഭിക്കുന്ന വന്‍ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് അവര്‍ ധനകാര്യ സ്ഥാപനങ്ങളുടെ സഹായവും തേടുന്നുണ്ട്.
സ്‌പേസ്എക്‌സിന്റെ ലിസ്റ്റിങ് ഇലോണ്‍ മസ്‌കിന്റെ സമ്പത്തിലും വന്‍ വര്‍ധനയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കമ്പനിയുടെ ഉയര്‍ന്ന മൂല്യനിര്‍ണയം അദ്ദേഹത്തെ ലോകത്തിലെ ആദ്യ ട്രില്യണയര്‍ പദവിയിലേക്ക് എത്തിക്കുമെന്ന ചര്‍ച്ചകളും ശക്തമാണ്. എന്നാല്‍ ഈ ഐപിഒയുടെ ഏറ്റവും ശ്രദ്ധേയമായ വശം, നേട്ടം കമ്പനിയുടെ ഉന്നത തലത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. ഓഹരി അടിസ്ഥാനത്തിലുള്ള പ്രതിഫല സംവിധാനം വഴി, കമ്പനിയുടെ വളര്‍ച്ചയില്‍ പങ്കാളികളായ ആയിരക്കണക്കിന് സാധാരണ ജീവനക്കാര്‍ക്കും ഈ ഐപിഒ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വാതില്‍ തുറക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
SpaceX's $1.77 Trillion IPO Could Create 4,400 Employee Millionaires
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates