

മുംബൈ: ആഗോള വിപണിയില്‍ എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെ. ഇന്ന് വ്യാപാരത്തിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 1.13 ശതമാനം താഴ്ന്ന് 97 ഡോളറില്‍ താഴെയാണ് എണ്ണവില. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വരുന്നതിന് നടക്കുന്ന ചര്‍ച്ചകള്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം സാധാരണ നിലയിലാകാന്‍ സഹായിക്കുമെന്ന പ്രതീക്ഷകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്.
അതിനിടെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 215 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് തൊട്ടുമുകളിലാണ്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം പിന്‍വലിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ബോണ്ട് യീല്‍ഡ് കൂടിയതാണ് ഇവിടെ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന ഘടകം. മഹീന്ദ്ര ആന്റ് മഹീന്ദ്ര, മാരുതി, അള്‍ട്രാ ടെക് സിമന്റ്, ഭാരതി ഇലക്ടോണിക്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ആക്‌സിസ് ബാങ്ക് ഓഹരികള്‍ നേട്ടം സ്വന്തമാക്കി.
ഡോളറിനെതിരെ രൂപയ്ക്ക് മൂന്ന് പൈസയുടെ നഷ്ടമാണ് ഉണ്ടായത്. 95.97ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ഡിമാന്റ് വര്‍ധിച്ചത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates