

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ ജിഡിപി വളര്‍ച്ചാ കണക്കുകളെ തള്ളി മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ഗാര്‍ഗ്. ജൂണ്‍ പാദത്തില്‍ ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി എന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ യഥാര്‍ഥ വളര്‍ച്ചാനിരക്ക് 2.6 ശതമാനം മാത്രമാണെന്നാണ് സുഭാഷ് ഗാര്‍ഗിന്റെ ആരോപണം.
കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദ വളര്‍ച്ചയും ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 7.8 ശതമാനം എന്നായിരുന്നു. അത് 6.9 ശതമാനമായി വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷത്തെ ജിഡിപി കുറച്ചുകാണിച്ചാല്‍ നിലവിലെ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് സ്വയമേവ ഉയര്‍ന്നുകാണപ്പെടുമെന്നും ഗാര്‍ഗ് ആരോപിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തിലെ ജിഡിപി 86 ലക്ഷം കോടി രൂപയായിരുന്നു. പിന്നീട് അത് 80 ലക്ഷം കോടി രൂപയായി വെട്ടിക്കുറച്ചു. ആറു ലക്ഷം കോടി രൂപയുടെ കുറവാണ് വരുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ജിഡിപി തിരുത്തിയെഴുതിയിരുന്നില്ലെങ്കില്‍ വളര്‍ച്ച വെറും 2.6 ശതമാനം മാത്രമാകുമായിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ മികച്ചതായി തോന്നിപ്പിക്കുന്നതിനാണ് മുന്‍കാല കണക്കുകള്‍ തിരുത്തിയെഴുതിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ സുഭാഷ് ഗാര്‍ഗിന്റെ വാദം സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി. വ്യത്യസ്ത സ്റ്റാറ്റിസ്റ്റിക്കല്‍ സീരീസുകള്‍ പ്രകാരം തയ്യാറാക്കിയ രണ്ട് ജിഡിപി കണക്കുകളെ തമ്മില്‍ ഗാര്‍ഗ് താരതമ്യം ചെയ്തത് കൊണ്ടാണ് ഇങ്ങനെ വന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
2022-23 പുതിയ അടിസ്ഥാന വര്‍ഷം സീരീസ് പ്രകാരം കണക്കാക്കിയ ഒന്നാം പാദത്തിലെ 88.2 ലക്ഷം കോടി രൂപയുടെ നോമിനല്‍ ജിഡിപിയെയും പഴയ 2011-12 സീരീസ് പ്രകാരം തയ്യാറാക്കിയ 2026 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ 86.05 ലക്ഷം കോടി രൂപയെയുമാണ് ഗാര്‍ഗ് താരതമ്യം ചെയ്തത്. പൊരുത്തപ്പെടാത്ത രണ്ട് ജിഡിപി സീരീസുകള്‍ കൂട്ടിച്ചേര്‍ത്ത് 2.6 ശതമാനത്തെ യഥാര്‍ഥ വളര്‍ച്ചാനിരക്ക് എന്ന് വിളിക്കുന്നത് കേവലം തെറ്റായ കണക്കുകൂട്ടലാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates