

വിരമിക്കല്‍ കാലത്തെ സമ്പാദ്യത്തോടൊപ്പം ചികിത്സാ ചെലവുകള്‍ക്കും മുന്‍ഗണന നല്‍കുന്ന പദ്ധതിയാണ് 'എന്‍പിഎസ് സ്വാസ്ഥ്യ'. മികച്ച വാര്‍ദ്ധക്യം സ്വപ്നം കാണുന്നവര്‍ക്ക് റിട്ടയര്‍മെന്റ് സമ്പാദ്യവും അടിയന്തര ചികിത്സാ സഹായവും ഒരുമിച്ചു കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു സര്‍ക്കാര്‍ പദ്ധതിയാണിത്. പെന്‍ഷന് വേണ്ടി നിക്ഷേപിക്കുന്ന ഫണ്ടില്‍ നിന്ന് ഒരു ഭാഗം അത്യാവശ്യ ഘട്ടങ്ങളില്‍ ചികിത്സയ്ക്കായി ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി പ്ലാന്‍ ചെയ്തിരിക്കുന്നത്. ചികിത്സാ ചെലവുകള്‍ നേരിട്ട് ആശുപത്രികള്‍ക്ക് നല്‍കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ചികിത്സയ്ക്ക് ശേഷം ബാക്കി വരുന്ന തുക വീണ്ടും എന്‍പിഎസ് അക്കൗണ്ടിലേക്ക് തന്നെ എത്തും.
എന്താണ് ഈ പദ്ധതി?
ഇതൊരു പെന്‍ഷന്‍ പദ്ധതിയാണ്. ഭാവിയിലേക്കായി പണം സമ്പാദിക്കുന്നതിനോടൊപ്പം തന്നെ, പെട്ടെന്നുണ്ടാകുന്ന ആശുപത്രി ചെലവുകള്‍ക്കും ഈ തുക വിനിയോഗിക്കാനാകും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ ചികിത്സാ ചെലവുകള്‍ക്കായി അലഞ്ഞുതിരിഞ്ഞ് നടക്കുകയോ, കടം വാങ്ങുകയോ വേണ്ട. പെന്‍ഷന്‍ ഫണ്ടിലെ തുക ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഡോക്ടറെ കാണുന്നതിനുള്ള ചെലവ്, ആശുപത്രി വാസം, മരുന്നുകള്‍ എന്നിവയ്ക്കെല്ലാം പണം ലഭിക്കും. പണം നേരിട്ട് ആശുപത്രികളിലേക്ക് പോകുന്നതിനാല്‍ ചികിത്സാ സമയത്ത് പണം കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാം.
ആര്‍ക്കൊക്കെ പദ്ധതിയില്‍ ചേരാം?
18 മുതല്‍ 85 വയസ്സ് വരെ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ സ്‌കീമില്‍ ചേരാം. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് സ്വന്തം ആരോഗ്യ വിവരങ്ങള്‍ വ്യക്തമാക്കുന്ന ഒരു 'ഹെല്‍ത്ത് ഡിക്ലറേഷന്‍' നിര്‍ബന്ധമാണ്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു തുടങ്ങാന്‍ കുറഞ്ഞത് 25,000 രൂപയുടെ നിക്ഷേപം അക്കൗണ്ടില്‍ ഉണ്ടായിരിക്കണം.
ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം: ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഇനി മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാണ്. ഇതിനുള്ള പ്രീമിയം തുക പെന്‍ഷന്‍ സമ്പാദ്യത്തില്‍ നിന്ന് തന്നെ ഈടാക്കും. ഈ പദ്ധതിയുടെ ഭാഗമാകാന്‍ തുടക്കത്തില്‍ കുറഞ്ഞത് 25,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുകയും ആശുപത്രി ബില്ലുകള്‍ വര്‍ദ്ധിക്കുകയും ചെയ്താല്‍ പെന്‍ഷന്‍ സമ്പാദ്യത്തില്‍ നിന്ന് മുഴുവന്‍ തുകയും ചികിത്സയ്ക്കായി പിന്‍വലിക്കാം. സമ്പാദ്യം കുറഞ്ഞ അളവിലാണെങ്കില്‍ പോലും ഇത്തരത്തില്‍ പിന്‍വലിക്കല്‍ സാധ്യമാണ്. ചികിത്സാ ബില്ലുകള്‍ക്കുള്ള തുക നേരിട്ട് ആശുപത്രിക്കോ സേവനദാതാവിനോ കൈമാറുന്ന രീതിയാണ് ഇതില്‍ പിന്തുടരുന്നത്. ബില്‍ തുക കഴിച്ചുള്ള ബാക്കി പണം നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് തന്നെ തിരികെ എത്തും.
എത്ര രൂപയുടെ പരിരക്ഷയാണ് ലഭിക്കുക?
സാധാരണ ആരോഗ്യ ആവശ്യങ്ങള്‍ക്കും ചികിത്സകള്‍ക്കുമായി അക്കൗണ്ടിലുള്ള മൊത്തം തുകയുടെ 25 ശതമാനം വരെ എടുക്കാന്‍ സാധിക്കും. ഗുരുതരമായ അസുഖങ്ങളോ, വലിയ മെഡിക്കല്‍ എമര്‍ജന്‍സിയോ ഉണ്ടാകുന്ന സാഹചര്യത്തില്‍ അക്കൗണ്ടില്‍ ലഭ്യമായ മുഴുവന്‍ തുകയും (100%) എടുക്കാന്‍ അനുമതിയുണ്ട്. അക്കൗണ്ടില്‍ കുറഞ്ഞ ബാലന്‍സ് മാത്രമുള്ളവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates