

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ കാപ്പിരുചികള്‍ സംഗമിക്കുന്ന വേള്‍ഡ് ഓഫ് കോഫിയുടെ കോപ്പന്‍ഹേഗന്‍ എഡിഷനില്‍ കേരളത്തില്‍ നിന്നുള്ള വയനാടന്‍ റോബസ്റ്റ കാപ്പിക്ക് മികച്ച സ്വീകരണം. കേരളത്തിന്റെ തനതുരുചിയില്‍ കാപ്പിക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ജൂണ്‍ 27 മുതല്‍ 29 വരെ കോപ്പന്‍ഹേഗനില്‍ നടന്ന കോണ്‍ഫറന്‍സില്‍ ലഭിച്ച സ്വീകാര്യതയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.
ആദ്യമായാണ് രാജ്യാന്തര വേദിയില്‍ വയനാടന്‍ റോബസ്റ്റ കോഫി അവതരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ബംഗ്ലൂരില്‍ നടന്ന വേള്‍ഡ് കോഫി കോണ്‍ഫറന്‍സില്‍ സംസ്ഥാന പ്ലാന്റേഷന്‍ വകുപ്പ് വയനാടന്‍ കാപ്പിയുടെ പ്രത്യേക സ്റ്റാള്‍ സജ്ജമാക്കിയിരുന്നു. അവിടെനിന്നു ലഭിച്ച പ്രതികരണമാണ് വയനാടന്‍ കാപ്പിയുടെ വിപുലമായ അന്താരാഷ്ട്ര സാധ്യതകളെപ്പറ്റി ചിന്തിക്കാന്‍ സര്‍ക്കാരിന് പ്രചോദനമായത്. കാപ്പിയുടെ വ്യാവസായിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും വയനാട്ടിലെ കാപ്പി ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നതിനുമായി കാര്‍ബണ്‍ ന്യൂട്രല്‍ കോഫീ പാര്‍ക്ക്, ക്ലൈമറ്റ് സ്മാര്‍ട് കോഫി, കേരള കോഫി ലിമിറ്റഡ് തുടങ്ങിയ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നുണ്ട്. എങ്കിലും കാപ്പിയുടെ വിദേശ വിപണികളില്‍ വയനാടന്‍ റോബസ്റ്റ കാപ്പി ഇന്നും അത്ര പരിചിതമല്ല. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് വേള്‍ഡ് ഓഫ് കോഫി കോപ്പന്‍ഹേഗനില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്ലൈമറ്റ് സ്മാര്‍ട് കോഫി പ്രൊജക്ട് മേധാവി ജി. ബാലഗോപാലിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍നിന്നുള്ള കാപ്പി കര്‍ഷകരായ പി സി വിജയന്‍, സുഷേന ദേവി, കേരള കോഫീ ലിമിറ്റഡ് ഡയറക്ടര്‍ ജീവ ആനന്ദന്‍ എന്നിവര്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പിലും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അനൂപ് പാലക്കുന്ന്, സെക്രട്ടറി മധു ബൊപ്പയ്യ, യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്‍ഡ്യ മുന്‍ പ്രസിഡന്റ് ധര്‍മരാജ് നരേന്ദ്രനാഥ്, സഞ്ജയ് പ്ലാന്റേഷന്‍സിലെ സഞ്ജയ് എം ഡി, പ്രണോതി സഞ്ജയ് എന്നിവര്‍ സ്വന്തം ചെലവിലുമാണ് കോപ്പന്‍ഹേഗനില്‍ നടന്ന ത്രിദിന കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ഏതാണ്ട് 2500ല്‍പരം ആളുകള്‍ കേരളത്തിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ചു.
റോബസ്റ്റ ഇനത്തില്‍പ്പെട്ട കാപ്പിക്ക് ആഗോളതലത്തില്‍ ഉയര്‍ന്ന ആവശ്യവും കൂടിയ വിലയുമാണുള്ളത്. വലിയതോതിലുള്ള കയറ്റുമതി സാധ്യതകള്‍ക്കാണ് കോണ്‍ഫറന്‍സിലെ പങ്കാളിത്തം അവസരമൊരുക്കിയിരിക്കുന്നതെന്നും ഇതിനായി വിശദമായ പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വയനാടന്‍ റോബസ്റ്റ കോഫിയുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചവരില്‍ നിന്ന് കയറ്റുമതിക്കായി ഒട്ടേറെപ്പേര്‍ താല്‍പര്യം പ്രകടിപ്പിച്ചത് പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates