എന്താണ് ഇടക്കാല ബജറ്റ്?, സമ്പൂര്‍ണ ബജറ്റുമായി വ്യത്യാസമെന്ത്? തയ്യാറാക്കുന്നത് എങ്ങനെ?

നാളെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്
ബജറ്റ് പേപ്പറുമായി നിർമല സീതാരാമൻ
ബജറ്റ് പേപ്പറുമായി നിർമല സീതാരാമൻ ഫയല്‍/ എക്സ്പ്രസ്
Updated on
1 min read

ന്യൂഡല്‍ഹി: നാളെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക. ഇന്ത്യന്‍ ഭരണഘടനയുടെ 112-ാം അനുച്ഛേദത്തിലാണ് ബജറ്റിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരവും ചെലവുമാണ് പൂര്‍ണ ബജറ്റിലൂടെ പ്രഖ്യാപിക്കുന്നത്.

കേന്ദ്രബജറ്റ് എത്ര തരമുണ്ട്?

കേന്ദ്ര ബജറ്റിനെ രണ്ട് ഭാഗങ്ങളായി തിരിക്കാം. റവന്യൂ ബജറ്റെന്നും മൂലധന ബജറ്റെന്നും. റവന്യൂ ബജറ്റില്‍ സര്‍ക്കാരിന്റെ ആസ്തികളെയും ബാധ്യതകളെയും ബാധിക്കാത്ത ഇനങ്ങള്‍ അടങ്ങിയിരിക്കുന്നു. രണ്ടാമത്തേതില്‍ മൂലധന ചെലവുകളും വരവും ഉള്‍പ്പെടുന്നു. റവന്യൂ ബജറ്റ് സര്‍ക്കാരിന്റെ വരുമാനവും ചെലവും വിശദീകരിക്കുമ്പോള്‍ മൂലധന ബജറ്റില്‍ സര്‍ക്കാരിന്റെ മൂലധന വരവുകളും ചെലവുകളുമാണ് ഉള്‍പ്പെടുന്നത്.

എങ്ങനെയാണ് ബജറ്റ് തയ്യാറാക്കുന്നത്?

ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ബജറ്റിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിക്കും. അതായത് ബജറ്റ് അവതരിപ്പിക്കുന്നതിന് ആറുമാസം മുന്‍പ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാമ്പത്തിക ഉപദേശകര്‍ എന്നിവരുടെ സഹായത്തോടെയാണ് കേന്ദ്ര ധനമന്ത്രി ബജറ്റ് തയ്യാറാക്കുന്നത്. ഇതിന് പുറമേ ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ബിസിനസ് മേധാവികള്‍, വിദഗ്ധര്‍ എന്നിവരുടെ അഭിപ്രായങ്ങളും തേടാറുണ്ട്. ബജറ്റില്‍ നാലു ഘട്ടങ്ങളുണ്ട്. ചെലവുകളുടെയും വരുമാനത്തിന്റെയും എസ്റ്റിമേറ്റ്, കമ്മിയുടെ എസ്റ്റിമേറ്റ്, കമ്മി കുറയ്ക്കല്‍, ബജറ്റിന്റെ അവതരണവും അംഗീകാരവും.

എന്താണ് ഇടക്കാല ബജറ്റ്?

തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ നിലവിലെ സര്‍ക്കാര്‍ പൂര്‍ണ ബജറ്റ് അവതരിപ്പിക്കാറില്ല. ഹ്രസ്വകാലത്തേയ്ക്ക് വരുന്ന ചെലവും പ്രതീക്ഷിക്കുന്ന വരവും അടങ്ങുന്ന ഇടക്കാല ബജറ്റാണ് അവതരിപ്പിക്കാറ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതാണ് രീതി. ഒരു സാമ്പത്തിക വര്‍ഷം മുഴുവനായി പ്രതീക്ഷിക്കുന്ന വരവും ചെലവും അടങ്ങുന്ന സാമ്പത്തിക രേഖയാണ് പൂര്‍ണ ബജറ്റ്.

ഇടക്കാല ബജറ്റില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ എന്തെല്ലാം?

ഇടക്കാല ബജറ്റില്‍ സര്‍ക്കാരിന്റെ ചെലവ്, വരുമാനം, ധനക്കമ്മി, സാമ്പത്തിക പ്രകടനം, ഏതാനും മാസത്തേക്കുള്ള പ്രവചനങ്ങള്‍ എന്നിവയുടെ എസ്റ്റിമേറ്റ് ഉള്‍പ്പെടുന്നു. സാധാരണയായി ഇടക്കാല ബജറ്റ് അവതരണ വേളയില്‍ വലിയ നയപ്രഖ്യാപനങ്ങള്‍ ഉണ്ടാവാറില്ല. പുതിയ സര്‍ക്കാരിന് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാനാണ് ഈ കീഴ് വഴക്കം.

വോട്ട് ഓണ്‍ അക്കൗണ്ട്

ഇടക്കാല ബജറ്റിലൂടെ പാര്‍ലമെന്റ് ഒരു വോട്ട്-ഓണ്‍-അക്കൗണ്ട് പാസാക്കുന്നു. ശമ്പളം, നിലവിലുള്ള ചെലവുകള്‍ തുടങ്ങി അവശ്യ സര്‍ക്കാര്‍ ചെലവുകള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം നേടുന്നതിനാണ് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നത്.

ബജറ്റ് പേപ്പറുമായി നിർമല സീതാരാമൻ
രാജ്യത്ത് മൊബൈല്‍ ഫോണ്‍ വില കുറയും; ഘടക സാമഗ്രികളുടെ ഇറക്കുമതി തീരുവ കുറച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com