

ഒരു തെളിവും അവശേഷിപ്പിക്കാതെ ഫോൺ ഹാക്ക് ചെയ്യുകയും വിവരങ്ങളെല്ലാം ചോർത്തി സ്വയം മരണം കൈവരിക്കുന്ന സോഫ്റ്റ് വെയറാണ് പെഗാസസ്. ഒരു ലിങ്കിലൂടെയോ വോയിസ് കോളിലൂടെയോ മിസ്ഡ് കോളിലൂടെയോ ഒക്കെ പെഗാസസിനെ ഫോണുകളിലേക്ക് കടത്തിവിടും. ഫോൺ ചോർത്താനുള്ള ഏറ്റവും എളുപ്പമായ ആയുധമായാണ് ഇതിനെ സൈബർ ഗവേഷകർ വിശേഷിപ്പിക്കുന്നത്.
ഇസ്രയേലി കമ്പനിയായ എൻ എസ് ഒ 2016ൽ സൈബർ ആയുധമെന്ന നിലയിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറാണ് ഇത്. സർക്കാർ ഏജൻസികൾക്കാണ് സാധാരണ ഈ സോഫ്റ്റ് വെയർ നൽകുന്നത്. അതിസുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണിനെ ലക്ഷ്യമിട്ടാണ് പെഗാസസ് നിർമ്മിച്ചതെങ്കിലും ആൻഡ്രോയിഡ് ഫോണുകളിലടക്കം ഇവ ഉൾപ്പെടുത്താൻ കഴിയും. ആരുമറിയാതെ ക്യാമറ പ്രവർത്തിപ്പിച്ച് ഇന്റർനെറ്റ് വഴി അത് കൈമാറുന്ന വിരുതനാണ് പെഗാസസ്.
കോളിങ് സംവിധാനമാണ് പെഗാസസ് കടന്നുകൂടാൻ ഉപയോഗിച്ചതെന്നത് സാങ്കേതിക ലോകത്തെ അതിശയിപ്പിച്ച വസ്തുതയാണ്. കോൾ എടുക്കണമെന്നുപോലും നിർബന്ധമില്ല, ഒരൊറ്റ മിസ്ഡ് കോളിലൂടെ കോഡുകൾ സ്മാർട്‌ഫോണിൽ നിക്ഷേപിക്കും. ജെയിൽ ബ്രേക്കിലൂടെ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം തന്നെ ആ ചാര പ്രോഗ്രാം ഏറ്റെടുക്കും. കോൾ ലിസ്റ്റിൽ നിന്നു പോലും പെഗാസസിന്റെ വിവരങ്ങൾ അപ്രത്യക്ഷമാകുന്ന തരത്തിലാണ് പ്രവർത്തനം.
പെഗാസസ് ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി 2019ൽ വാർത്തകൾ പുറത്തു വന്നിരുന്നു. കോളിങ് സംവിധാനത്തിൽ എന്തോ സംഭവിക്കുന്നതായി സൂചന കിട്ടിയ വാട്സ്ആപ്പ് പെഗാസസ് ബാധിച്ചു എന്ന് കരുതുന്ന അക്കൗണ്ടുകൾക്ക് പുതിയ അപ്‌ഡേറ്റ് സ്വീകരിക്കാൻ മുന്നറിയിപ്പ് നൽകി. ഈ സന്ദേശം ലഭിച്ചവർ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് കൂടുതൽ ചർച്ചകളുണ്ടായത്. കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി അടക്കമുള്ളവർ തങ്ങളുടെ ഫോണിൽ പെഗാസസ് ബാധിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തി. മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി വിവരമുണ്ടെന്ന രാജ്യസഭാ എംപി സുബ്രമണ്യൻ സ്വാമിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വീണ്ടും വാർത്തയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates