

അടുത്തകാലത്ത് വരെ ആഗോള ഭീമന്‍ കമ്പനികളായ ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ആമസോണ്‍ എന്നിവയില്‍ നിന്ന് ഒരു ജോലി ഓഫര്‍ സ്വപ്‌നം കാണാത്തവര്‍ ചുരുക്കമായിരിക്കും. കരിയറിലെ ഒരു നാഴികക്കല്ല് മാത്രമായിട്ടല്ല ഇതിനെ ഉദ്യോഗാര്‍ഥികള്‍ കണ്ടിരുന്നത്. അന്തസ്സിന്റെ ബാഡ്ജ് ആയി കൂടിയാണ് ഇതിനെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ കാഴ്ചപ്പാടില്‍ ഇപ്പോള്‍ അതിവേഗം മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജെന്‍ സി ബിരുദധാരികള്‍ സിലിക്കണ്‍ വാലിയില്‍ നിന്ന് പിന്മാറുന്നത് എന്തുകൊണ്ട്?
ഇന്നത്തെ ജെന്‍ സി ബിരുദധാരികള്‍ സിലിക്കണ്‍ വാലിയില്‍ നിന്ന് പിന്മാറുന്നത് അവര്‍ക്ക് കഴിവോ അവസരമോ ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് അവര്‍ മറ്റെന്തെങ്കിലും തിരയുന്നതുകൊണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. സ്ഥിരത, അര്‍ത്ഥം, ലക്ഷ്യം തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ് ഇന്നത്തെ ജെന്‍ സി ബിരുദധാരികള്‍ ജോലി തെരഞ്ഞെടുക്കുന്നത്. ഇതോടെ സിലിക്കണ്‍ വാലി കമ്പനികളില്‍ ജോലി എന്ന ആകര്‍ഷണം മങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്.
ജെന്‍ സി ബിരുദധാരികളില്‍ പലരും ടെക് കമ്പനികളെ മികച്ച തൊഴിലുടമകളായി കാണുന്നില്ല എന്ന് നാഷണല്‍ സൊസൈറ്റി ഓഫ് ഹൈസ്‌കൂള്‍ സ്‌കോളേഴ്‌സ് (NSHSS) നടത്തിയ പഠനത്തെ ഉദ്ധരിച്ച് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും എന്‍ട്രി-മിഡ് ലെവല്‍ റോളുകള്‍ക്ക് പകരമാകുന്നത് തുടരുന്നതിനാല്‍ തൊഴില്‍ സുരക്ഷ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. കാരണം ഒരിക്കല്‍ പുരോഗതി വാഗ്ദാനം ചെയ്ത അതേ കമ്പനികള്‍ ഇപ്പോള്‍ പെട്ടെന്നുള്ള പിരിച്ചുവിടലുകളിലേക്ക് കടന്നിരിക്കുന്നതിനെ ജെന്‍ സി ബിരുദധാരികള്‍ ആശങ്കയോടെയാണ് കാണുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ എന്നിവയുടെ കടന്നുവരവ് തൊഴില്‍ സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിക്കുകയാണ്. ആഗോള കമ്പനികളിലെ പിരിച്ചുവിടലുകള്‍ ഇതിനെ അടിവരയിടുന്നു. നിരവധി യുവ തൊഴിലന്വേഷകര്‍ ഇപ്പോള്‍ വലിയ കമ്പനികളിലെ കരിയര്‍ ദീര്‍ഘകാല സുരക്ഷയായി കണക്കാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആരോഗ്യ സംരക്ഷണവും മനുഷ്യ കേന്ദ്രീകൃത ജോലികളും
ടെക് കമ്പനികള്‍ക്ക് പകരമായി കൂടുതല്‍ ബിരുദധാരികള്‍ ആരോഗ്യ പരിചരണത്തിലും മനുഷ്യ കേന്ദ്രീകൃത ജോലികളിലും ശ്രദ്ധ പതിപ്പിക്കുകയാണ്. നെറ്റ്‌വര്‍ക്ക് ട്രെന്‍ഡ്‌സ് നടത്തിയ സര്‍വേയില്‍ 76 വിദ്യാര്‍ഥികളും ജോലി സ്ഥിരതയെയാണ് തങ്ങളുടെ മുന്‍ഗണനയായി കണക്കാക്കിയത്. ശമ്പളം, അന്തസ്സ് അല്ലെങ്കില്‍ സ്ഥാനം എന്നിവയേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഇതിനാണ് നല്‍കിയത്. പലരും ഇപ്പോള്‍ ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങള്‍, മനുഷ്യ കേന്ദ്രീകൃത തൊഴിലുകള്‍ എന്നിവയിലെ അവസരങ്ങളാണ് തേടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ലക്ഷ്യത്തിലേക്കും സഹാനുഭൂതിയിലേക്കും തലമുറ മാറ്റം
യുവതലമുറയെ സംബന്ധിച്ചിടത്തോളം ഈ മാറ്റം വളരെ വ്യക്തിപരമായ ഒന്നാണ്. കോവിഡ് മഹാമാരിക്ക് ശേഷം മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചിട്ടുണ്ട്. ഇതിന് പുറമേ യുവാക്കള്‍ സഹാനുഭൂതിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. അതിനാല്‍ വൈദ്യശാസ്ത്രം, നഴ്‌സിങ്, പൊതുജനാരോഗ്യം, തെറാപ്പി എന്നിവയിലെ കരിയറുകളെ സുരക്ഷിതമായാണ് ഇവര്‍ കാണുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരം ജോലികള്‍ സുരക്ഷിതമാണ് എന്ന തോന്നലിന് അപ്പുറം അര്‍ത്ഥവത്താണ് എന്ന ചിന്തയും പുതിയ തലമുറയുടെ ഇടയില്‍ വളര്‍ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഈ മാറ്റം അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും സംഭവിക്കുന്നുണ്ട്. സ്‌പെയിനില്‍, ആരോഗ്യ സംരക്ഷണ, സാമൂഹിക സേവന പരിപാടികളിലെ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്. 2018 മുതല്‍ 2024 വരെ കണക്കാക്കിയാല്‍ ക്രമാനുഗതമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ജെന്‍ സി പ്രൊഫഷണലുകളുടെ ആരോഗ്യ പരിചരണ കേന്ദ്രീകൃത കരിയറുകളിലേക്കുള്ള ഒരു വലിയ ചുവടുമാറ്റമായാണ് ഇതിനെ വിലയിരുത്തുന്നത്.
ഐടി ജോലി
ടെക് വ്യവസായത്തെ സംബന്ധിച്ചിടത്തോളം, പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. ഇന്നത്തെ ഏറ്റവും മിടുക്കരായ മനസ്സുകള്‍ പിന്മാറുകയാണെങ്കില്‍, ഐടി രംഗത്തെ നവീകരണത്തെ കാര്യമായി ബാധിക്കും. സ്‌റ്റോക്ക് ഓപ്ഷനുകളും ക്യാംപസ് സെലക്ഷന്‍ ഓഫറുകളും ഇനി ജെന്‍ സി ബിരുദധാരികളെ പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമല്ല. അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ ജോലിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങള്‍ ജെന്‍ സി പ്രൊഫഷണലുകള്‍ ചോദിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
