

ന്യൂഡല്‍ഹി: അടുത്തിടെ പട്‌നയിലും മുംബൈയിലും നടന്ന ബോര്‍ഡ് യോഗങ്ങളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പോളിമര്‍ നോട്ടുകളെക്കുറിച്ച് ആര്‍ബിഐ ആലോചിക്കുന്നത്. ഇന്ത്യയില്‍ പേപ്പര്‍ നോട്ടുകളുടെ അച്ചടി ചെലവ് ഉയര്‍ന്ന നിലയില്‍ തുടരുന്നതായും നോട്ടുകള്‍ പെട്ടെന്ന് കേടുവരുന്നതായും വ്യക്തമാക്കുന്ന കൃത്യമായ കണക്കുകളാണ് പോളിമര്‍ കറന്‍സിയിലേക്ക് മാറുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
പോളിമര്‍ നോട്ടുകള്‍ എന്തിന്?
പേപ്പര്‍ കറന്‍സികളില്‍ നിന്ന് വ്യത്യസ്തമായി, പോളിമര്‍ നോട്ടുകള്‍ കൂടുതല്‍ ഈടുനില്‍ക്കുന്നവയും അഴുക്കിനെയും ഈര്‍പ്പത്തെയും പ്രതിരോധിക്കുന്നവയുമാണ്. ഇന്ത്യയിലെ കാലാവസ്ഥയ്ക്കും ഉപയോഗ രീതികള്‍ക്കും ഇത് ഏറെ അനുയോജ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടക്കത്തില്‍ ഉല്‍പ്പാദന ചെലവ് കൂടുതലാണെങ്കിലും, ഇവയ്ക്ക് ദീര്‍ഘായുസ്സുള്ളതിനാല്‍ ഇടയ്ക്കിടെ വീണ്ടും അച്ചടിക്കേണ്ടി വരുന്ന സാഹചര്യം കുറയ്ക്കുന്നു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെലവ് കുറയ്ക്കാന്‍ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
വര്‍ഷാവര്‍ഷം മാറ്റങ്ങളുണ്ടാകാറുണ്ടെങ്കിലും, ഇന്ത്യയിലെ കറന്‍സി അച്ചടി ചെലവ് ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് തുടരുന്നത്. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം, കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചെലവ് 2025 സാമ്പത്തിക വര്‍ഷത്തില്‍ 6,372 കോടി രൂപയായി ഉയര്‍ന്നിരുന്നു. എന്നാല്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 4,875 കോടി രൂപയായി കുറഞ്ഞു. നോട്ടുനിരോധനത്തെയും പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കിയതിനെയും തുടര്‍ന്ന് 2017 സാമ്പത്തിക വര്‍ഷത്തില്‍ അച്ചടി ചെലവ് 7,965 കോടി രൂപ വരെയായി ഉയര്‍ന്നിരുന്നു. അച്ചടി മാത്രമല്ല പ്രശനമെന്നും അധികൃതര്‍ പറയുന്നു.
സ്ഥിരമായി മാറ്റേണ്ടി വരുന്ന കേടുപാടുകള്‍ സംഭവിച്ചതും അഴുക്കായതുമായ നോട്ടുകളുടെ വലിയ അളവാണ് ഏറ്റവും വലിയ ബാധ്യതയാകുന്നത്. ഉയര്‍ന്ന പ്രചാരമുള്ള കറന്‍സി നോട്ടുകളാണ് ഇത്തരത്തില്‍ മാറ്റേണ്ടി വരുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2026 സാമ്പത്തിക വര്‍ഷത്തില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച കറന്‍സികളില്‍ ഭൂരിഭാഗവും 500 രൂപ നോട്ടുകളും (598.3 കോടി എണ്ണം) 100 രൂപ നോട്ടുകളുമാണ് (581.1 കോടി എണ്ണം).
ആഗോളതലത്തില്‍ പോളിമറിലേക്കുള്ള മാറ്റം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഓസ്ട്രേലിയ, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ പൂര്‍ണ്ണമായും പോളിമര്‍ കറന്‍സിയിലേക്ക് മാറിക്കഴിഞ്ഞു. മറ്റ് ചില രാജ്യങ്ങള്‍ ഇത് ഭാഗികമായി നടപ്പിലാക്കിയിട്ടുണ്ട്. എങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകത്തിന്റെ വലിയൊരു ഭാഗം ഇപ്പോഴും പ്രധാനമായും പേപ്പര്‍ നോട്ടുകളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ 2012ല്‍ പോളിമര്‍ നോട്ടുകള്‍ പരീക്ഷണാര്‍ത്ഥം അവതരിപ്പിച്ചിരുന്നെങ്കിലും ആ നീക്കം പൈലറ്റ് ഘട്ടത്തിനപ്പുറം മുന്നോട്ട് പോയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates