

മുംബൈ: സമീപഭാവിയില്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ തലമുറയായി ജെന്‍സി ( Generation Z) മാറുമെന്ന് റിപ്പോര്‍ട്ട്. തലമുറകളുടെ പണം ചെലവഴിക്കലുമായി ബന്ധപ്പെട്ട് നീല്‍സണ്‍ ഐക്യൂവും വേള്‍ഡ് ഡാറ്റ ലാബും ചേര്‍ന്ന് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
മാറിയ കാലത്ത് പഴയ ഉപഭോക്തൃശീലങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തലമുറകളുടെ മൂല്യങ്ങള്‍ മനസിലാക്കാനും പുതിയ അവസരങ്ങള്‍ കണ്ടെത്താനും ഇത് ബ്രാന്‍ഡുകള്‍ക്ക് വഴിതുറക്കും. പ്രായത്തില്‍ ചെറുതാണെങ്കിലും ജെന്‍സി തലമുറയ്ക്ക് ഏറ്റവും വേഗത്തില്‍ വളരുന്ന ചെലവിടല്‍ ശേഷിയുണ്ട്. 2029 ഓടേ അവര്‍ ബൂമര്‍ തലമുറയുടെ ചെലവുകളെ മറികടക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 1946നും 1964നും ഇടയില്‍ ജനിച്ചവരെയാണ് പ്രധാനമായി ബൂമര്‍ തലമുറയായി കാണുന്നത്. കൂടാതെ ജെന്‍സികളുടെ ആഡംബര ചെലവുകളിലും വര്‍ധനയുണ്ട്. ജെന്‍സി, ജെന്‍ ആല്‍ഫ എന്നിവര്‍ പ്രധാന ചെലവുകളുടെ വളര്‍ച്ചയ്ക്ക് യഥാക്രമം 4.03 ശതമാനം, 4.99 ശതമാനം എന്നിങ്ങനെയാണ് സംഭാവന നല്‍കുന്നത്.
ജെന്‍സികള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന തലമുറയാണ്. അഭൂതപൂര്‍വ്വമായ നിരക്കിലാണ് അവര്‍ പണം ചെലവഴിക്കുന്നത്. വിശാല അര്‍ത്ഥത്തില്‍ ചെലവുകള്‍ നോക്കുമ്പോള്‍ മില്ലേനിയലുകളും ജെന്‍സിയുമാണ് നിര്‍ണായകമായി ഉയര്‍ന്നുവരുന്നത് എന്ന് കാണാം. പ്രീമിയം, ഗുണനിലവാരം, അനുഭവങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ തന്നെ അവര്‍ വിലക്കിഴിവുകളും തേടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ജെന്‍ എക്‌സും ശക്തമായ ചെലവിടല്‍ ശക്തിയാണ്. ഗുണനിലവാരം, മൂല്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവരുടെ ചെലവിടല്‍. ഉയര്‍ന്ന ആസ്തിയുള്ളവര്‍ എന്ന നിലയില്‍ ബൂമര്‍ തലമുറയും പ്രധാനപ്പെട്ടവരാണ്. എന്നാല്‍ ഇവരുടെ മൊത്തതിലുള്ള സ്വാധീനം കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ബൂമര്‍, ജെന്‍ എക്സ് ചെലവുകള്‍ തന്നെയാണ് ഇപ്പോഴും മുന്നിട്ടുനില്‍ക്കുന്നത്.
എന്നാല്‍ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ മില്ലേനിയല്‍ ചെലവുകളാണ് മുന്നിട്ടുനില്‍ക്കുന്നത്. നിലവില്‍ ജെന്‍സികളുടെ വാങ്ങല്‍ ശേഷി മുന്‍ തലമുറകളെ അപേക്ഷിച്ച് കുറവാണെങ്കിലും അവരുടെ സ്വാധീനത്തെ ചെറുതായി കാണാന്‍ സാധിക്കില്ല. ഷോപ്പിങ് രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ ലോകത്ത് ജനിച്ച ആദ്യ തലമുറയെന്ന നിലയില്‍, ജെന്‍സികള്‍ അവരുടെ ഭൂരിഭാഗം ഷോപ്പിങ് യാത്രകളും ഓണ്‍ലൈനില്‍ ആരംഭിക്കുകയും ഉല്‍പ്പന്ന അവലോകനങ്ങളെയും സോഷ്യല്‍മീഡിയയെയും വലിയ തോതില്‍ ആശ്രയിക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates