

മിക്ക ട്രെയിൻ യാത്രക്കാരും യാത്ര സുഗമമാക്കാനും നടു ചായ്ച്ചൊന്ന് ഉറങ്ങാം എന്നും കരുതി സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്യും. അതിൽ ലോവർ ബർത്താണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. പക്ഷെ പകൽ സമയങ്ങളിൽ ട്രെയിനിൽ സ്ലീപ്പർടിക്കറ്റ് എടുത്താലും ലോവർ ബർത്തിൽ നീണ്ട് നിവർന്ന് ഉറങ്ങി യാത്ര ചെയ്യാൻ റെയിൽവേ നിയമം അനുവദിക്കില്ല എന്നുള്ള കാര്യം നിങ്ങളിൽ എത്രപേർക്ക് അറിയാം?
പകൽ സമയങ്ങളിലെ ട്രെയിൻ യാത്രയിൽ അപ്പർ ബർത്ത് ഒഴികെയുള്ള ബാക്കി എല്ലാ സീറ്റുകളും ബുക്ക് ചെയ്താൽ നമുക്ക് ഇരുന്ന് യാത്രചെയ്യാനുള്ള അനുവാദം മാത്രമാണ് റെയിൽവേ നിയമ പ്രകാരം ഉള്ളത്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലും ഇതുമായി യാത്രക്കാർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നതിനാലുമാണ് ഇത്തരത്തിൽ ഒരു വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ട്രെയിനിൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് യാത്രക്കാർക്ക് റിസർവ് ചെയ്തിട്ടുള്ള സീറ്റുകളിൽ ഉറങ്ങാനുള്ള സമയപരിധി. നേരത്തെ രാത്രി യാത്രക്കാര്‍ക്ക് ഉറങ്ങാന്‍ അനുവദനീയമായ സമയം രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയായിരുന്നു.
ആര്‍എസി ടിക്കറ്റില്‍ സൈഡ് ലോവർബർത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാര്‍ സൈഡ് അപ്പർ ബർത്തിൽ യാത്രചെയ്യുന്ന യാത്രക്കാര്‍ക്ക് ഇരുന്ന് യാത്രചെയ്യാനുള്ള സൗകര്യം അനുവദിക്കണം. അതുപോലെ തന്നെ സൈഡ് അപ്പർ ബർത്ത് റിസർവ് ചെയ്തിരിക്കുന്ന വ്യക്തിക്കു രാത്രി 10നും രാവിലെ 6നും ഇടയിൽ ലോവർ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവാദം ഇല്ല.
സ്ലീപിംങ് സംവിധാനമുള്ള എല്ലാ റിസര്‍വ്വ്ഡ് കോച്ചുകള്‍ക്കും ഈ വ്യവസ്ഥകൾ ബാധകമായിരിക്കും. എന്നാല്‍ ഗര്‍ഭിണിയായ സ്ത്രീകള്‍, അസുഖ ബാധിതര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവർക്ക് മറ്റു യാത്രക്കാർ പ്രത്യേക പരിഗണന നൽകണമെന്നും റെയില്‍വേ നിര്‍ദേശിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates