ലോക്ഡൗൺ കാലത്തു ജനങ്ങള്‍ വിഡിയോ കോൺഫറൻസിനായി വ്യാപകമായി ഉപയോഗിക്കുന്ന ആപ്പ് ആണ് സൂം. പത്തില്‍ കൂടുതല്‍ ആളുകളെ ഒരു കോളില്‍ ചേരാന്‍ അനുവദിക്കുന്ന ഒരേയൊരു ആപ്ലിക്കേഷൻ എന്നതാണ് ഇതിന്റെ സവിശേഷത. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഈ ആപ്പ് പലരും ഡൗൺലോഡ് ചെയ്തു.
സ്കൂൾ, ഓഫീസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിച്ചുപോന്ന ആപ്പിന്റെ സുരക്ഷിതത്വം സംബന്ധിച്ച് പല പരാതികളും ഉയരുന്നുണ്ട്. സ്വകാര്യത, സുരക്ഷ എന്നിവയിൽ സൂം ആപ്പിൽ പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. സൂം ആപ്പ് ഉപയോഗത്തിനിടെ ഹാക്കർമാർ പാസ്‍വേഡുകൾ ലീക്ക് ചെയ്ത് വിഡിയോ കോളുകൾ ഹൈജാക് ചെയ്യുന്ന കേസുകൾ റിപ്പോർട്ട് ചെയ്തു. ഗ്രൂപ്പ് വിഡിയോ കോളുകൾക്കിടെ ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറുകയും പോണ്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതുമാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചത്. ‘സൂം ബോംബിങ്’ എന്ന പേരിലാണ് പിന്നീട് ഇത് അറിയപ്പെട്ടത്. സുരക്ഷിതമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഇതിനോടകം സൂം ആപ്പ് ബാന്‍ ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇത്തരം പ്രശ്നങ്ങളെ കമ്പനി ഗൗരവമായി കണക്കിലെടുക്കുകയും പരിഹാരം കാണുകയുമാണെന്ന് അറിയിച്ച് സൂം ചീഫ് എറിക്ക് യുവാന്‍ രംഗത്തെത്തി. ആരോപണങ്ങൾ മറികടക്കാൻ സൂം സ്വീകരിക്കുന്ന മാറ്റങ്ങൾ വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.
ചൈന വഴി കടന്നു പോകുന്ന ആപ്പിലെ വിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നതായിരുന്നു സൂമിനെതിരെ ഉയർന്ന ആരോപണം. എന്നാൽ ഈ വാരാന്ത്യത്തോടെ പെയ്ഡ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് അവരുടെ വിവരങ്ങൾ ഏതെല്ലാം പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. സൂംബോംബിങ് പോലുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ കമ്പനി നടപടി സ്വീകരിക്കുകയാണെന്നും എറിക്ക് യുവാന്‍ അറിയിച്ചു.
ആപ്പിന്റെ സൈബര്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലുട്ടാ സെക്യൂരിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൂം അറിയിച്ചു. സൈബര്‍ അധോലോകം എന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബ്ബിലെ ചില ചാരന്മാര്‍ സൂം ഉപഭോക്താക്കളുടെ ലോഗ് ഇന്‍ വിവരങ്ങള്‍ ഹാനീകരമായ കോഡ് ഉപയോഗിച്ച് മോഷ്ടിച്ചതായി കരുതപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ഹാക്കര്‍മാര്‍ക്കിടയില്‍ അസാധാരണമായി കണ്ടുവരുന്ന ഒന്നല്ല. ഇതേ വിവരങ്ങള്‍ തന്നെയാണോ മറ്റ് സൈറ്റുകളിലും ഉപയോഗിക്കുന്നത് എന്ന് ഇതുവഴി കണ്ടെത്താറുണ്ട്. ഇത് ഒഴിവാക്കാനായി യൂസര്‍നെയിമും പാസ്‌വേഡും മാറി മാറി പരീക്ഷിച്ചുനോക്കുന്നവരെ കണ്ടെത്തുകയും അവരെ വീണ്ടും പരീക്ഷിക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്യുമെന്ന് സൂം ഉപദേഷ്ടാവ് അലക്‌സ് സ്റ്റാമോസ് പറഞ്ഞു.
അപരിചിതരില്‍ നിന്ന് ചാറ്റുകള്‍ ലോക്ക് ചെയ്ത് സൂക്ഷിക്കാനും മീറ്റിങ് പാസ്‌വേഡുകള്‍ ഡിഫോള്‍ട്ട് ആയി സെറ്റ് ചെയ്യാനും ഒക്കെ സഹായിക്കുന്ന ടൂള്‍ബാര്‍ അടക്കം പുതിയ മാറ്റങ്ങള്‍ സൂമില്‍ അവതരിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates