ന്യൂഡല്‍ഹി: സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നത്
വിലക്കിക്കൊണ്ട് കോടതി ഉത്തരവിട്ടതോടെ സ്വകാര്യ ടെലികോം കമ്പനികള്‍ പ്രതിസന്ധിയിലേക്ക്. ആധാറിന് പകരമുള്ള ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കാന്‍ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം.
പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നത് വരെ ആധാര്‍ ഉപഭോക്താവിനെ തിരിച്ചറിയാനുള്ള രേഖയായി ഉപയോഗിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നാണ് ടെലികോം കമ്പനികള്‍ വാദിക്കുന്നത്. ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നത് നവംബര്‍ 5 ഓടെ അവസാനിപ്പിക്കണമെന്നായിരുന്നു മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
ഉപഭോക്താവിനെ തിരിച്ചറിയുന്നതിന് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശവുമായി വോഡഫോണ്‍- ഐഡിയ ടെലികോം മന്ത്രാലയത്തെ നേരത്തേ സമീപിച്ചിരുന്നു. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ ഡിജിറ്റല്‍ കെവൈസി നടപ്പിലാക്കുന്ന ആദ്യ സേവനദാതാവായി കമ്പനി മാറുമെന്ന് വോഡഫോണ്‍-ഐഡിയ അറിയിച്ചു.
ഉപഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുന്ന രീതിയാണ് വോഡഫോണ്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിന്റെ ഡെമോ മന്ത്രാലയത്തിനും ഓഹരിയുടമകള്‍ക്കും യുഐഎഡിഎയ്ക്കും കൈമാറിയിട്ടുണ്ട്. എന്നാല്‍ സുപ്രിംകോടതി വിധി ഏറ്റവുമധികം ബാധിച്ച റിലയന്‍സ് ജിയോയും എയര്‍ടെല്ലും ഇതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
പുതിയ പദ്ധതി നടപ്പിലാക്കുന്നതിനായി കൂടുതല്‍സമയം അനുവദിക്കണമെന്ന സേവനദാതാക്കളുടെ ആവശ്യം ടെലികോം മന്ത്രാലയം തള്ളിയിരുന്നു. വിധി നടപ്പിലാക്കാന്‍ കൂടതല്‍ സമയം ആവശ്യമുള്ളവര്‍ ആധാര്‍ അതോറിറ്റിയെ സമീപിക്കട്ടെയെന്നും സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ മാത്രമേ ശ്രമിക്കുന്നുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളില്‍ പകുതിയോളം പേരും ആധാറും മൊബൈല്‍ നമ്പരും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. സേവന ദാതാക്കള്‍ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതി ആധാര്‍ വിവരങ്ങളുടെ ഉപയോഗം തടഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates