ഇടി വെട്ടിയവനെ പാമ്പ് കടിച്ചുവെന്ന് പറയുന്നത് പോലെ ഫോണിന്റെ ബാറ്ററി തീരുകയും, ചാര്‍ജ് ചെയ്യാന്‍ കറന്റില്ലാതിരിക്കുകയും ചെയ്താല്‍ എന്ത് ചെയ്യും? വൈഫൈ സര്‍വത്രമായ കാലമായതിനാല്‍ ഇനി അധികകാലം ടെന്‍ഷന്‍ അടിക്കേണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. വൈഫൈയിലുള്ള എ സി വൈദ്യുത കാന്തിക തരംഗങ്ങളെ വൈദ്യുതിയാക്കി മാറ്റാന്‍ കഴിവുള്ള ഉപകരണമാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതോടെ മൊബൈല്‍ ഫോണുള്‍പ്പടെ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ബാറ്ററി ഫ്രീയാവാന്‍ സാധിക്കും.
രണ്ട് അര്‍ധചാലകങ്ങളെ ചേര്‍ത്തുള്ള ദ്വിമാന ഉപകരണമായ റെക്ടെനാസിലേക്ക് ആന്റിന ഘടിപ്പിക്കുന്നതോടെയാണ് പ്രദേശത്തുള്ള വൈഫൈ തരംഗങ്ങളെ ആന്റിന പിടിച്ചെടുക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന തംരംഗങ്ങളെ അര്‍ധചാലകങ്ങളുടെ സഹായത്തോടെ വൈദ്യുതതരംഗങ്ങളാക്കി മാറ്റുന്നു. ഇതിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് ബാറ്ററി ഇല്ലാതെ തന്നെ മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനം സാധ്യമാകുന്നത്. ഈ ഉപകരണങ്ങളെ ചുരുട്ടി റോളുകളായി സൂക്ഷിക്കാനും സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. പൂര്‍ണരീതിയില്‍ വികസിപ്പിച്ചെടുക്കുന്നതോടെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ചുരുട്ടാവുന്ന സ്മാര്‍ട്ട് ഫോണുകളും മറ്റും വിപണിയിലേക്ക് എത്തുന്നതോടെ ബാറ്ററി ഫ്രീ ആയുള്ള ഉപകരണത്തിന്റെ പ്രാധാന്യം വര്‍ധിക്കും. ശക്തമായ വൈഫൈ സിഗ്നല്‍ ലഭിക്കുന്ന സ്ഥലത്ത് നിന്നും 40 മൈക്രോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപകരണത്തിന് കഴിയും. മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ പ്രകാശിക്കുന്നതിന് ഇത്രയും ഊര്‍ജ്ജം ധാരാളമാണ്.
മൊബൈല്‍ ഫോണിന് പുറമേ മെഡിക്കല്‍ രംഗത്തും ഇതിന്റെ സേവനം വലിയ തോതില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ലിഥിയം പുറന്തള്ളുന്ന ബാറ്ററികളെക്കാള്‍ എന്തുകൊണ്ടും അപകടകരമല്ലാത്ത മാര്‍ഗ്ഗങ്ങളാണ് രോഗിയുടെ ആരോഗ്യത്തിനും നല്ലതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ചുറ്റുപാടുകളില്‍ നിന്നും ഊര്‍ജ്ജം കണ്ടെത്തുന്നത് പ്രകൃതിയെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും സംഘം കൂട്ടിച്ചേര്‍ത്തു. വികസിപ്പിച്ചെടുത്ത ഉപകരണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചെടുത്ത ശേഷം മാത്രമേ ഇത് വിപണിയില്‍ അവതരിപ്പിക്കുകയുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates