

കൊച്ചി: സംസ്ഥാനത്ത് പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനിമുതല്‍ ദേശീയതലത്തിലെ ഏകീകൃത സംവിധാനമായ വാഹന്‍ സോഫ്ട്‌വെയറിലേക്ക് മാറുന്നു. മുഴുവന്‍ ആര്‍ടി ഓഫീസുകളിലും മാര്‍ച്ച് 18 മുതല്‍ പുതിയ പദ്ധതി നടപ്പാകും. വാഹനവില്‍പ്പനയിലെ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് രജിസ്ട്രഷന്‍ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തുന്നത്.
വാഹന്‍ സോഫ്റ്റ് വെയറിലേക്ക് മാറുന്നതോടെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ , ഉടമസ്ഥവകാശം മാറ്റല്‍, ഫാന്‍സി നമ്പര്‍ ബുക്കിങ് എന്നിവയില്‍ കാതലായ മാറ്റങ്ങളാണ് വരുന്നത്. വാഹനം വില്‍ക്കുമ്പോള്‍ ഉടമ രജിസ്‌ട്രേഷന്‍ രേഖകളും വാഹനം വാങ്ങുന്ന ആളുടെ ആധാര്‍ വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവയും അതത് മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുമ്പോള്‍ വാങ്ങുന്ന ആളുടെ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് അയയ്ക്കും. ഈ നമ്പര്‍ കൈമാറിയാല്‍ ഓഫീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. ഓരാള്‍ അറിയാതെ അയാളുടെ പേരിലേക്ക് വാഹനരജിസ്‌ട്രേഷന്‍ മാറ്റുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം. പുതിയ ഉടമയ്ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കും.
ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഇതുവരെ വാങ്ങുന്നയാള്‍ക്കായിരുന്നു ഇതിന്റെ രജിസ്‌ട്രേഷന്‍ ചുമതല. ഇനിമുതല്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും. വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താനുളള അനുമതി മാത്രമാകും ഡീലര്‍മാര്‍ക്കുണ്ടാവുക. എന്‍ജിന്‍, ഷാസി നമ്പറുകളില്‍ തെറ്റുണ്ടെങ്കില്‍ വാഹനനിര്‍മ്മാതാവിന്റെ സഹായത്തോടെ മാത്രമേ പരിഹരിക്കാനാകൂ. ഉടമയുടെ ആധാര്‍വിവരങ്ങളും രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates