ന്യൂഡൽഹി: ഇന്ത്യയിലെ ഒരു ഇന്റർനെറ്റ് ഉപയോക്താവിന്റെ പ്രതിമാസ ഡാറ്റാ ഉപയോഗം വർധിച്ചതായി റിപ്പോർട്ട്. ഡാറ്റാ ഉപയോഗം പ്രതിമാസം 11 ജിബി വരെ എത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് 90 ശതമാനം ആളുകളും കണ്ടന്റ് സ്ട്രീമിങ്, ഇ-ലേണിങ്, ഇൻഫോടെയ്ൻമെന്റ്, സോഷ്യൽ മീഡിയ ഉപയോഗങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കുന്നതായും 'ഇവൈ ഡിജിറ്റൽ കൺസ്യൂമർ സർവേ റിപ്പോർട്ടിൽ' പറയുന്നു. തിങ്കളാഴ്ചയാണ് റിപ്പോർട്ട് പുറത്തു വന്നത്.
ലോക്ക്ഡൗണിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ 61 ശതമാനം ആളുകൾ ഇക്കാലത്ത് കണ്ടന്റ് സ്ട്രീം ചെയ്യുന്നുണ്ട്. വീഡിയോ സ്ട്രീമിങ് 1.2 ഇരട്ടി വർധിച്ചു. ആഴ്ചയിൽ ശരാശരി വീഡിയോ സ്ട്രീമിങ് സമയം ഒരാൾക്ക് 4.2 മണിക്കൂർ ആയി ഉയർന്നതായും സർവേ റിപ്പോർട്ടിൽ പറയുന്നു.
60 ശതമാനം പേർ സബ്‌സ്‌ക്രിപ്ഷൻ സ്ട്രീമിങ് സേവനങ്ങളാണ് ഇഷ്ടപ്പെടുന്നത്. 20 ശതമാനം പേർ ടിവി വിനോദങ്ങൾ ഇഷ്ടപ്പെടുന്നു. ടിവി ഇഷ്ടപ്പെടുന്നവർ കൂടുതൽ സമയം ചെലവഴിക്കുന്നത് സിനിമ കാണുന്നതിനും, പരിപാടികളും, വാർത്തകളും കാണുന്നതിനുമാണ്. മിതമായ ഇന്റർനെറ്റ് ബ്രൗസിങ്, ചാറ്റിങ്, ഫോൺ വിളി തുടങ്ങിയ അടിസ്ഥാന ഉപയോഗങ്ങൾ മാത്രമുണ്ടായിരുന്ന ആളുകളുടെ ഇന്റർനെറ്റ് ഉപയോഗത്തിലും വർധനവുണ്ടായിട്ടുണ്ട്.
'33 ശതമാനം ആളുകളും ഉയർന്ന ഡാറ്റാ പാക്കേജുകൾക്കായി ബ്രോഡ്ബാൻഡ് പ്ലാനുകൾ അപ്‌ഗ്രേഡ് ചെയ്തു. അതിൽ 40 ശതമാനവും അൺലിമിറ്റഡ് പ്ലാനുകളാണ്. അടിസ്ഥാന ഡാറ്റാ ഉപയോക്താക്കളിൽ ഏകദേശം 11 ശതമാനം പേരും സ്ട്രീമിങ്, ഗെയിമിങ്, വീഡിയോ കോളിങ് തുടങ്ങിയവയുടെ വർധിച്ച ഉപയോഗത്തിനായി നിലവിലുള്ള പായ്ക്കുകൾ പരിധിയില്ലാത്തതോ 50 ശതമാനം -100 ശതമാനം ഉയർന്ന ഡാറ്റയോ ആയി അപ്‌ഗ്രേഡ് ചെയ്തു.
ഡിജിറ്റൽ സേവനങ്ങളോടുള്ള മാറുന്ന രീതികളും കാഴ്ചപ്പാടുകളും മനസിലാക്കുന്നതിനായി 2,600 ൽ അധികം ഉപഭോക്താക്കളുടെ പ്രതികരണങ്ങളാണ് സർവേ വിശകലനം ചെയ്തത്. വിദൂര ജോലികൾ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനൊപ്പം അതിവേഗ ബ്രോഡ്ബാൻഡിനുള്ള ആവശ്യകത വർധിച്ചിട്ടുണ്ടെന്നും അതിവേഗ ഇന്റർനെറ്റ് കൂടുതൽ അടിയന്തര ആവശ്യമായി മാറിയിട്ടുണ്ടെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates