

ന്യൂഡല്‍ഹി: പ്രവചനങ്ങളെ കാറ്റിൽ പറത്തി രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) കുതിച്ചുചാട്ടം. 2018- 2019 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ 8.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7.6 ശതമാനം ജിഡിപി പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് 8.2ശതമാനം വളർച്ച. കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ 5.59ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച.
ഡോളറിനെതിരെ രൂപ വലിയ വിലത്തകർച്ച നേരിടുന്ന സമയത്താണ് ജിഡിപി കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ ഏറ്റവും മികച്ച ജിഡിപി നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയ 8.2 ശതമാനം വളര്‍ച്ച. ഉപഭോക്തൃ മേഖലയിലും ഉത്പാദനമേഖലയിലുമുണ്ടായ ഉണര്‍വാണ് ജിഡിപി വളർച്ചയിൽ പ്രതിഫലിച്ചിട്ടുള്ളത്.
ഉത്പാദനം, വൈദ്യുതി, ഗ്യാസ് തുടങ്ങിയ മേഖലകളിൽ ഏഴുശതമാനത്തിനു മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എസ് സി ഒ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആകെയുള്ള കണക്കെടുപ്പില്‍ എട്ടുശതമാനത്തിനു മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായും പ്രസ്താവനയില്‍ പറയുന്നു. 2018 സാമ്പത്തിക വർഷം ആരംഭിച്ച ശേഷമുള്ള ആദ്യ ജിഡിപി റിപ്പോർട്ടാണിത്.
നിലവിലെ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താനായാല്‍ ഇന്ത്യയ്ക്ക് അടുത്ത വര്‍ഷത്തോടെ ബ്രിട്ടനെ മറികടന്നു ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് ശക്തിയാകാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates