ജിയോ സൗജന്യ കോള്‍ നിര്‍ത്തുന്നു; ഇനി പണം ഈടാക്കും

ട്രായ് ഐയുസി ചാര്‍ജിനുള്ള പുതിയ നിബന്ധന കര്‍ശനമാക്കിയതോടെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ജിയോ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും
ജിയോ സൗജന്യ കോള്‍ നിര്‍ത്തുന്നു; ഇനി പണം ഈടാക്കും
Updated on: 
1 min read

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ ഫ്രീ വോയ്‌സ് കോള്‍ അവസാനിപ്പിക്കുന്നു. ട്രായ് ഐയുസി ചാര്‍ജിനുള്ള പുതിയ നിബന്ധന കര്‍ശനമാക്കിയതോടെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ജിയോ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. എന്നാല്‍ സ്വന്തം നെറ്റ്‌വര്‍ക്ക് വഴിയുള്ള വോയ്‌സ് കോളുകള്‍ക്ക് പണം ഈടാക്കുകയില്ല. ജിയോ എതിരാളികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വോയ്‌സ് കോളുകള്‍ക്ക് പണം ഈടാക്കാന്‍ ജിയോ നിര്‍ബന്ധിതരായിരിക്കുന്നത്.

എന്നാല്‍ വോയ്‌സ് കോളുകള്‍ക്ക് നഷ്ടപ്പെടുന്ന പണത്തിനു തുല്യ മൂല്യമുള്ള സൗജന്യ ഡേറ്റ ജിയോ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കും. ഉപയോക്താക്കള്‍ മറ്റ് ഓപ്പറേറ്റര്‍മാരുടെ നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുന്ന ഫോണ്‍ കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ചാര്‍ജ് നിലനില്‍ക്കുമെന്ന് ജിയോ പ്രസ്താവനയില്‍ പറഞ്ഞു.

മറ്റ് ജിയോ ഫോണുകളിലേക്ക് ജിയോ ഉപയോക്താക്കള്‍ നടത്തുന്ന കോളുകള്‍ക്കും ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ക്കും വാട്‌സാപ്, ഫേസ്‌ടൈം, മറ്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉപയോഗിച്ച് വിളിക്കുന്നതിനും ഈ നിരക്കുകള്‍ ബാധകമല്ല. എല്ലാ നെറ്റ്‌വര്‍ക്കുകളില്‍ നിന്നുമുള്ള ഇന്‍കമിങ് കോളുകളും സൗജന്യമായി തുടരും.

ഒരു ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐയുസി കോള്‍ ചെയ്യാന്‍ 10 രൂപയക്ക് ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി 1 ജിബി ഡേറ്റ ഉപഭോക്താവിന് ജിയോ സൗജന്യമായി നല്‍കും. 20 രൂപയ്ക്ക് ടോപ് അപ് ചെയ്യേണ്ടി വന്നാല്‍ 2 ജിബി ഡേറ്റ ലഭിക്കും. ആദ്യമായാണ് ജിയോ ഉപയോക്താക്കള്‍ വോയ്‌സ് കോളുകള്‍ക്ക് പണം നല്‍കുന്നത്. നിലവില്‍, ഡേറ്റയ്ക്ക് മാത്രമാണ് ജിയോ നിരക്ക് ഈടാക്കുന്നത്. കൂടാതെ രാജ്യത്തെവിടെയും ഏത് നെറ്റ്‌വര്‍ക്കിലേക്കും വോയ്‌സ് കോളുകള്‍ സൗജന്യമാണ്. ബുധനാഴ്ച മുതല്‍ ജിയോ ഉപഭോക്താക്കള്‍ ചെയ്യുന്ന എല്ലാ റീചാര്‍ജുകള്‍ക്കും, മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള കോളുകള്‍ക്ക് നിലവിലുള്ള ഐയുസി നിരക്കില്‍ മിനിറ്റിന് 6 പൈസ നിരക്കില്‍ ഐയുസി ടോപ്പ്അപ്പ് വൗച്ചറുകള്‍ വഴി ചാര്‍ജ് ചെയ്യപ്പെടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com