ഡ്രൈവറില്ലാ കാറുകൾ ഇനി തിരുവനന്തപുരത്തുനിന്ന്; പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിസാൻ ഡിജിറ്റൽ ഹബ് വരുന്നു
തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റിയിൽ ബഹുരാഷ്ട്ര കമ്പനിയായ നിസാന്റെ ഡിജിറ്റൽ ഇന്നൊവേഷൻ ഹബ് വരുന്നു. ഇതിനായി ആദ്യഘട്ടത്തിൽ 30 ഏക്കറും രണ്ടാം ഘട്ടത്തിൽ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാൻ നിസാന്‍ അനുവാദം നൽകി സർക്കാർ ഉത്തരവിറക്കി. ഡ്രൈവറില്ലാ കാറുകൾ ഉൾപ്പെടെയുള്ള പുതുതലമുറ വാഹനങ്ങൾക്കായുള്ള ഗവേഷണ പ്രവർത്തനങ്ങളാവും ഇവിടെ നടക്കുക.
ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ ഗംഗ- യമുനാ കെട്ടിടസമുച്ചയത്തില്‍ 25,000 ചതുരശ്ര അടി ഏറ്റെടുത്താണ് ഹബ് വികസിപ്പിക്കുക. ഇതിനായി ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ടെക്നോസിറ്റിയിലെ ഐ.ടി കെട്ടിട സമുച്ചയം പൂർത്തിയാകുമ്പോൾ അവിടെയും സ്ഥലം അനുവദിക്കും. കാമ്പസിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിക്കുമ്പോഴേക്കും 3000 പേർക്ക് നേരിട്ടും അതിലേറെപ്പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കും.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, കൊഗ്നിറ്റിവ് അനലക്ടിസ്, മെഷീൻ ലേണിങ് സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ ഗവേഷണവികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുക. ടെക്നോസിറ്റിയിൽ വിജ്ഞാനാധിഷ്ഠിതമായ സാങ്കേതികവിദ്യമേഖലക്കായി വിഭാവനം ചെയ്ത സ്ഥലം നിസാൻ നോളജ് സിറ്റി എന്ന പേരിലാകും അറിയപ്പെടുക.ആസ്ഥാനമായ ജപ്പാനിലെ യോക്കോഹാമ, ചൈന, പാരിസ്, അമേരിക്കയിലെ നാഷ്വിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് നിസാന്റെ മറ്റു ഡിജിറ്റൽ ഹബുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

