നിങ്ങളുടെ ത്യാഗത്തിന് പകരം വയ്‌ക്കൊനൊന്നുമില്ല, അവസാനിക്കാത്ത നീലാകാശത്തിലേക്ക് ജെറ്റ് വീണ്ടും പറന്നുയരും; വികാരഭരിതനായി നരേഷ് ഗോയലിന്റെ കത്ത്

നിങ്ങളുടെ ത്യാഗത്തിന് പകരം വയ്‌ക്കൊനൊന്നുമില്ല, അവസാനിക്കാത്ത നീലാകാശത്തിലേക്ക് ജെറ്റ് വീണ്ടും പറന്നുയരും; വികാരഭരിതനായി നരേഷ് ഗോയലിന്റെ കത്ത്

തൊഴിലാളികള്‍ക്കയച്ച വികാരനിര്‍ഭരമായ കത്തിലാണ് മെയ് പത്തിനകം ശുഭവാര്‍ത്തയുണ്ടാകുമെന്ന് അദ്ദേഹം സൂചനകള്‍ നല്‍കിയത്
Published on

മുംബൈ : അവസാനിക്കാത്ത നീലാകാശത്തിലേക്ക് കത്തുന്ന സൂര്യനെ പോലെ ജെറ്റ് എയര്‍വേസ് വീണ്ടും പറന്നുയരുമെന്ന് കമ്പനി സ്ഥാപകനും മുന്‍ ചെയര്‍മാനുമായ നരേഷ് ഗോയല്‍. തൊഴിലാളികള്‍ക്കയച്ച വികാരനിര്‍ഭരമായ കത്തിലാണ് മെയ് പത്തിനകം ശുഭവാര്‍ത്തയുണ്ടാകുമെന്ന് അദ്ദേഹം സൂചനകള്‍ നല്‍കിയത്. 

'കഴിഞ്ഞ കാല്‍നൂറ്റാണ്ടായി എല്ലാ മെയ് അഞ്ചും നമ്മുടെ എല്ലാവരുടെയും ഹൃദയത്തിലെ മറക്കാനാവാത്ത ദിവസമായി തുടര്‍ന്നിരുന്നു. പക്ഷേ ഈ വര്‍ഷം പതിവിനി വിപരീതമായി സങ്കടമാണുണ്ടായത്. ഒരു ഫ്‌ളൈറ്റുപോലും ജെറ്റിന്റേതായി ഉണ്ടായില്ല. 1993 ഏപ്രില്‍ 18 ന് മുംബൈയില്‍ ആയിരുന്നു നമ്മുടെ ആദ്യ വിമാനം ഇറങ്ങിയത്. 2019 ഏപ്രില്‍ 18 ആയപ്പോള്‍ അമൃത്സറില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം അവസാനത്തേതുമായി. 

ജെറ്റ് എയര്‍വേസിനോടുള്ള നിങ്ങളുടെ സ്‌നേഹം വിലമതിക്കാനാവാത്തതാണ്. മാസങ്ങളായി ശമ്പളം മുടങ്ങിയിട്ടും മറ്റെല്ലാ പ്രശ്‌നങ്ങളുണ്ടായിട്ടുംനിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. കമ്പനിയുടെ ഇന്നത്തെ അവസ്ഥയില്‍ എനിക്കോ നീതയ്‌ക്കോ യാതൊരു പങ്കുമില്ല. ജെറ്റ് എയര്‍വേസ് കുടുംബത്തെ ഏറ്റവും സ്‌നേഹത്തോടെ സേവിക്കുന്നതില്‍ സന്തോഷമാണ് ഞങ്ങള്‍ക്കുള്ളത്. നിങ്ങളുടെ ത്യാഗം വളരെ വലുതാണ്. സമാധാനപരമായി പലയിടങ്ങളിലും നിങ്ങള്‍ മാര്‍ച്ചും പ്രതിഷേധവും നടത്തുന്നതായി അറിഞ്ഞു. ഈ പ്രതികൂല അവസ്ഥയിലും സംയമനം പാലിക്കുന്നതിന് നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. 

വിഷമിക്കുന്ന നിങ്ങള്‍ക്കോരുത്തര്‍ക്കൊപ്പവും എന്റെ മനസ്സുണ്ട്. മെയ് 10 ന് ബാങ്ക് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കമ്പനിയെ ഏറ്റെടുക്കാന്‍ നല്ല കക്ഷികള്‍ വരുമെന്നാണ് എന്റെ പ്രതീക്ഷയും പ്രാര്‍ത്ഥനയും. ആ ശുഭവാര്‍ത്ത വൈകാതെ ഉണ്ടാകുന്നതോടെ നിങ്ങള്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാനാകും. ശമ്പളം നിങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ക്ക് അതിയായ വിഷമം ഉണ്ട്. നിങ്ങളും കുടുംബാംഗങ്ങളും കടന്നുപോകുന്ന വിഷമാവസ്ഥകളെ ഞങ്ങള്‍ മനസിലാക്കുന്നു. 

കുറച്ച് നാളുകളായി നിലനില്‍ക്കുന്ന കാര്‍മേഘങ്ങളെ നീക്കി അവസാനിക്കാത്ത നീലാകാശത്തിലേക്ക് കത്തുന്ന സൂര്യനെപ്പോലെ ജെറ്റ് എയര്‍വേസ് മടങ്ങിവരും. പറന്നുയരുന്നതിന്റെ ആനന്ദത്തിനായി നിങ്ങള്‍ക്കൊപ്പം ഞങ്ങളും കാത്തിരിക്കുകയാണ്. കഴിഞ്ഞ 25 വര്‍ഷം നിങ്ങള്‍ കാണിച്ച വിശ്വസ്തതയ്ക്കും സ്‌നേഹത്തിനും സമര്‍പ്പണത്തിനും കാര്യക്ഷമതയ്ക്കും ഹൃദയത്തില്‍ ചേര്‍ക്കുകയാണ്. അതിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല' എന്നായിരുന്നു അദ്ദേഹം തൊഴിലാളികള്‍ക്ക് അയച്ചത്. 

8400 കോടിയിലേറെ രൂപയാണ് ജെറ്റ് എയര്‍വേസ് വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. വായ്പ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് കമ്പനി വിറ്റ് തുക തിരിച്ച് പിടിക്കാന്‍ എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ നടപടി സ്വീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com