പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയില്ലേ ?; ബാധ്യത തീര്‍ക്കാന്‍ അവസരം ; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ് ; നടപടിക്രമം ഇങ്ങനെ

ലക്ഷങ്ങളുടെ ബാധ്യതക്കാര്‍ക്കും ചെറിയ തുക അടച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം : കാലപ്പഴക്കം കൊണ്ട് ഉപയോഗിക്കാതിക്കുകയോ, മോഷണം പോകുകയോ ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാതെ ഇപ്പോഴും തുടരുന്ന പ്രവണത കണ്ടുവരുന്നുണ്ട്. എന്നാല്‍ കാലപ്പഴക്കം, പൊളിച്ചുവില്‍ക്കല്‍, മോഷണം തുടങ്ങിയ കാരണങ്ങളാല്‍ ഉപയോഗത്തിലില്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍ സി ) നിയമ പ്രകാരം റദ്ദാക്കേണ്ടതാണെന്ന് അധികൃതര്‍ പറയുന്നു. വാഹനം രജിസ്റ്റര്‍ ചെയ്ത സബ് ആര്‍ ടി ഓഫീസിലാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. തുടര്‍ന്ന്, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനം പരിശോധിച്ച് അനുമതി നല്‍കുന്നതോടെയാണ് വാഹനം പൊളിക്കാനാകുക.

എന്‍ജിന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നിവയുള്‍പ്പെടുന്ന ഭാഗം സബ് ആര്‍.ടി. ഓഫീസില്‍ ഹാജരാക്കുകയും വേണം. ഇതോടെ ആര്‍ സി റദ്ദാക്കുന്നതിനാല്‍ വാഹനം തുടര്‍ന്നുള്ള നികുതി ബാധ്യതകളില്‍ നിന്ന് ഒഴിവാക്കപ്പെടും. മോഷണം പോകുന്ന വണ്ടികളുടെ കാര്യത്തില്‍ എഫ് ഐ ആര്‍ ഉള്‍പ്പെടെയുള്ള രേഖകളുമായാണ് ആര്‍ സി റദ്ദാക്കാന്‍ അപേക്ഷിക്കേണ്ടത്. എന്നാല്‍, പലരും ഈ നടപടികളൊന്നും സ്വീകരിക്കാതെയാണ് വാഹനം പൊളിക്കാനായി വില്‍ക്കുന്നത്. ഇങ്ങനെയുള്ളവരുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നികുതി കുടിശ്ശിക നിലനില്‍ക്കും.

ഇത്തരത്തില്‍ നികുതി കുടിശ്ശികയുള്ളവര്‍ക്ക് സഹായവുമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ് എത്തുന്നു. 2019 ഏപ്രില്‍ ഒന്നുവരെയുള്ള കാലയളവില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ നികുതി കുടിശ്ശികയുള്ള വാഹനങ്ങളാണ് പരിഗണിക്കുന്നത്. അതായത് അവസാനം നികുതി അടച്ചത് 2014 ഏപ്രില്‍ ഒന്നിന് മുന്‍പായിരിക്കണം. ഇങ്ങനെയുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ ബന്ധപ്പെട്ട സബ് ആര്‍ ടി ഓഫീസില്‍ അപേക്ഷ നല്‍കാം.

എത്രവര്‍ഷത്തെ കുടിശ്ശികയുണ്ടെങ്കിലും അവസാന അഞ്ചുവര്‍ഷത്തെ നികുതി മാത്രമാണ് പരിഗണിക്കുന്നത്. ഓട്ടോറിക്ഷാ, ബസ്, ടാക്‌സി, ചെറുതും വലുതുമായ ചരക്കുവാഹനങ്ങള്‍ (മഞ്ഞ നമ്പര്‍ പ്ലേറ്റ്) എന്നിവ ഉള്‍പ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നികുതി, അധിക നികുതി, പലിശ എന്നിവയുടെ 20 ശതമാനം അടച്ചാല്‍ മതി.

ഇരുചക്രവാഹനങ്ങള്‍, സ്വകാര്യ കാറുകള്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗങ്ങളിലെ വണ്ടികള്‍ക്ക് 30 ശതമാനവും. ഇതിനാല്‍ ലക്ഷങ്ങളുടെ ബാധ്യതക്കാര്‍ക്കും ചെറിയ തുക അടച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാം.

ആര്‍ സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, വെല്‍ഫെയര്‍ ഫണ്ട് രസീത് തുടങ്ങിയ രേഖകള്‍ നികുതി അടയ്ക്കാന്‍ വേണ്ടതാണ്. എന്നാല്‍, ഒറ്റത്തവണ തീര്‍പ്പാക്കലിന് ഇവയൊന്നും ആവശ്യമില്ല. വാഹനം മോഷണം പോയതിനാലോ പൊളിക്കാനായി വിറ്റതിനാലോ ഇങ്ങനെ ബാധ്യത തീര്‍ക്കാം. അവര്‍ 100 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കണം. അതേസമയം വാഹനം രജിസ്റ്റര്‍ ചെയ്തശേഷം നികുതി അടച്ചിട്ടില്ലാത്തവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com