ന്യൂഡൽഹി: സാധുവായ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകണ്ടെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഐആർഡിഎഐ) അറിയിച്ചു. പുക പരിശോധന സർട്ടിഫിക്കറ്റ് 2018ൽ സുപ്രീം കോടതി നിർബന്ധമാക്കിയെങ്കിലും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ നടപടി. എന്നാൽ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇനി മുതൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കില്ലെന്ന് പ്രചരണം വ്യാജമാണ്.
സുപ്രീംകോടതി നിർദേശം പാലിക്കാതെ പോളിസികൾ പുതുക്കുന്നതിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാധുവായ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് പോളിസി പുതുക്കി നൽകേണ്ടതില്ലെന്നാണ് ഐആർഡിഎഐ സർക്കുലർ ഇറക്കിയത്. ഡൽഹിയിൽ കർശനമായി പാലിക്കണമെന്ന നിർദേശമാണ് സർക്കുലറിൽ ഉള്ളതെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും ഇത് പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.
ഈ മാസം 20-ാം തിയതിയാണ് ഐആർഡിഎഐ സർക്കുലർ പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അപകടം സംഭവിക്കുന്ന വാഹനങ്ങൾക്ക് ഇനി മുതൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കില്ലെന്ന തരത്തിലുള്ള പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഒടുവിൽ ഇത് വ്യാജപ്രചാരണമാണെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates