

ബംഗളൂരു: റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഇ- കോമേഴ്‌സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ട് ഇന്ത്യയില്‍ പലചരക്ക് സാധനങ്ങളുടെ ചില്ലറ വിപണനരംഗത്തേയ്ക്ക് കടക്കുന്നു. ഇതിനായി രജിസ്റ്റര്‍ ചെയ്ത ഫാര്‍മര്‍മാര്‍ട്ട് എന്ന പേരില്‍ ചില്ലറ വിപണനരംഗത്ത് കടക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച ഭക്ഷ്യോല്‍പ്പനങ്ങളുടെ ചില്ലറ വില്‍പ്പന ഒരുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
തുടക്കത്തില്‍ ഓണ്‍ലൈനായി ഉല്‍പ്പനങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.തുടര്‍ന്ന് വിവിധയിടങ്ങളില്‍ സ്റ്റോറുകള്‍ ആരംഭിച്ച് ഭക്ഷ്യോല്‍പ്പനങ്ങളുടെ നീണ്ടനിര അവതരിപ്പിക്കാണ് പദ്ധതി. ഫാര്‍മര്‍മാര്‍ട്ടിനായി 1845 കോടി രൂപയാണ് മുതല്‍മുടക്കിയിരിക്കുന്നത്.
രാജ്യത്ത് 50000 കോടി ഡോളറിന്റെ ചില്ലറവില്‍പ്പനയാണ് നടക്കുന്നത്. ഇതിന്റെ സാധ്യത മുന്നില്‍ കണ്ടാണ് ഫ്ളിപ്പ്കാര്‍ട്ടും ഈ രംഗത്ത് ഒരു കൈ നോക്കാന്‍ തയ്യാറെടുക്കുന്നത്. ഭക്ഷ്യോല്‍പ്പനങ്ങളുടെ ചില്ലറവില്‍പ്പനരംഗത്ത് 100 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താനുളള ശ്രമത്തിലാണ് ഫ്ളിപ്പ്കാര്‍ട്ട്. വില്‍പ്പന ആരംഭിക്കുന്നതിന് മുന്നോടിയായി ലൈസന്‍സ് വാങ്ങുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ ആരംഭിച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് ഇത് കരുത്തുപകരുമെന്ന് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഭക്ഷ്യസംസ്‌കരണരംഗത്തും ഇത് പുത്തന്‍ ഉണര്‍വ് പകരുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ വാള്‍മാര്‍ട്ട് രാജ്യത്ത് നേരിട്ട് ഉല്‍പ്പനങ്ങളുടെ വില്‍പ്പന നടത്തുന്നില്ല. ഫ്ളിപ്പ്കാര്‍ട്ട് വഴി സാധ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates