

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഥ പൊതുമേഖലാ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്‌സിഐ) തുടങ്ങിയവ വില്‍പ്പനയ്ക്ക്. ഇവയുടെ കേന്ദ്രസര്‍ക്കാരിനുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കാനാണ് തീരുമാനം. വില്‍പ്പനയ്ക്ക് ഓഹരിവിറ്റഴിക്കലിന്റെ ചുമതലയുള്ള സെക്രട്ടറിമാര്‍ തിങ്കളാഴ്ച അംഗീകാരം നല്‍കി.
ബിപിസിഎല്ലും ഷിപ്പിംഗ് കോര്‍പ്പറേഷനും കൂടാതെ, തെഹ്‌രി ഹൈഡ്രോ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (നീപ്‌കോ) എന്നിവയുടെ സര്‍ക്കാരിന്റെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നതിനും സെക്രട്ടറിമാര്‍ അനുമതി നല്‍കി. കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (കോണ്‍കോര്‍) സര്‍ക്കാരിനുള്ള ഓഹരികളിലെ 30 ശതമാനവും വില്‍ക്കാനും യോഗം അനുമതി നല്‍കി.
രാജ്യത്തെ ലാഭകരമായ ബിപിസില്ലും ഷിപ്പിംഗ് കോര്‍പ്പറേഷനും വില്‍ക്കാനുള്ള അനുമതി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് ധനമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡി എ സര്‍ക്കാര്‍ രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ നടത്തിയ ഓഹരിവിറ്റഴിക്കലിനുശേഷം പൊതുമേഖലാ കമ്പനികളെ സ്വകാര്യവത്കരിക്കുന്നതിനുള്ള ഏറ്റവും വലിയ നീക്കമാണ് ഇത്.
പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ദേശസാത്കരിച്ച കമ്പനിയായതിനാല്‍ ബി.പി.സി.എല്ലിന്റെ ഓഹരി വിറ്റഴിക്കുംമുമ്പ് സര്‍ക്കാരിന് ഇരുസഭകളുടെയും അംഗീകാരം നേടേണ്ടതുണ്ട്. ബി.പി.സി.എല്ലില്‍ 53.29 ശതമാനം ഓഹരിയാണ് സര്‍ക്കാരിനുള്ളത്. കോണ്‍കോറില്‍ 54.80 ശതമാനവും എസ്.സി.ഐ.യില്‍ 63.75 ശതമാനവും ഓഹരികളുണ്ട്. കേന്ദ്രസര്‍ക്കാരിന്റെയും (75 ശതമാനം) ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും (25 ശതമാനം) സംയുക്തസംരംഭമാണ് ടി.എച്ച്.ഡി.സി. നീപ്‌കോയുടെ മുഴുവന്‍ ഓഹരികളും സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates