മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കണോ ? ; പുതിയ നിബന്ധനയുമായി എസ്.ബി.ഐ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് നിബന്ധനയുമായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ രംഗത്ത്. പണം അടക്കുന്ന ചലാനിൽ അക്കൗണ്ട് ഉടമയുടെ ഒപ്പോ സമ്മതപത്രമോ ഉണ്ടായിരിക്കണം. അല്ലെങ്കിൽ പണം അടക്കാൻ വരുന്നയാൾക്ക് പാൻ കാർഡുമായി ബന്ധിപ്പിച്ച എസ്.ബി.ഐ അക്കൗണ്ടോ വേണം എന്ന നിബന്ധനയാണ് ഏർപ്പെടുത്തിയത്. ഇതു സംബന്ധിച്ച് ശാഖകൾക്ക് സർക്കുലർ അയച്ചു. ഇടപാടുകാരുടെ അറിവിലേക്കായി ഇക്കാര്യം വ്യക്തമാക്കി ശാഖകളിൽ നോട്ടീസ് പ്രദർശിപ്പിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വഴിയുള്ള തട്ടിപ്പ് തടയാനാണ് ഇൗ നിബന്ധനയെന്നാണ് അധികൃതരുടെ വിശദീകരണം. അക്കൗണ്ട് ഉടമ അറിയാതെ ഒരു ഇടപാടും നടക്കാൻ പാടില്ല. സംശയമുള്ള അക്കൗണ്ടുകൾ പരിശോധിക്കുമ്പോൾ ഇടപാടുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ ഉടമക്ക് കഴിയണം. അതിനൊപ്പം, അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതു പോലുള്ള ഇടപാടുകൾ പരമാവധി നിരുത്സാഹപ്പെടുത്തുകയും നെറ്റ് ബാങ്കിങ് പോലുള്ള പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് തീരുമാനമെന്ന് എസ്ബിഐ അറിയിച്ചു.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നവർ നിരവധിയാണ്. എസ്.ബിഐയുടേതല്ലാത്ത ഉപഭോക്താക്കൾ മറ്റൊരാളുടെ എസ്.ബി.ഐ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതും സാധാരണമാണ്. അത്തരക്കാർ പാൻ ബന്ധിപ്പിച്ച എസ്.ബി.ഐ അക്കൗണ്ട് തുടങ്ങണമെന്നും അല്ലെങ്കിൽ അക്കൗണ്ട് ഉടമയുടെ ഒപ്പോ സമ്മതപത്രമോ വേണമെന്ന് പറയുന്നതും പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

