

കര്‍ണാടക വോട്ടെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ പത്താം ദിനവും ഇന്ധന വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ നീക്കങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസം എണ്ണ കമ്പനി തലവന്മാരുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയും റദ്ദാക്കിയിരുന്നു. എക്‌സൈസ് തീരുവ കുറച്ച് ഇന്ധന വില വര്‍ധനവ് കുറയ്ക്കുന്നതുള്‍പ്പെടെയുള്ള പൊടിക്കൈകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്.
ഓരോ ദിവസവും പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്ന പെട്രോള്‍, ഡീസല്‍ വില യാത്രചിലവ് വര്‍ധനയ്‌ക്കൊപ്പം ഉത്പന്നങ്ങളുടെ കടത്തുകൂലിയിലും വലിയ വര്‍ധനവ് ഉണ്ടാക്കുമെന്നതിനാല്‍ ഭക്ഷോത്പന്ന മേഖലയില്‍ ഉള്‍പ്പെടെ വിലക്കയറ്റം പ്രകടമാകും. എക്‌സൈസ് തീരുവ കുറയ്ക്കുന്നതിലൂടെ ഇന്ധന വിലയില്‍ രണ്ട് രൂപയോളം കുറയ്ക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിലവിലുണ്ടെങ്കിലും ഉയരുന്ന ഇന്ധന വിലയില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നുമുള്ള രോക്ഷം കണക്കിലെടുത്ത് വില പിടിച്ചുകെട്ടുകയല്ലാതെ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഇപ്പോള്‍ മറ്റു വഴികളില്ല. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ ഇന്ധന വിലയുമായി രാജ്യത്തെ ഇന്ധന വില താരതമ്യം ചെയ്തുള്ള കണക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറയുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള ജനകീയ രോക്ഷത്തിന് ഇടയാക്കുന്നു.
പ്രമുഖ രാജ്യങ്ങളിലെ ഇന്ധന വിലയുടെ കണക്കെടുക്കുമ്പോള്‍ റഷ്യയിലാണ് പെട്രോളിന് ഏറ്റവും കുറവ് വില, 48.02 രൂപ. പെട്രോള്‍ വില ഏറ്റവും കുറഞ്ഞ ലോക രാജ്യങ്ങളുടെ കണക്കെടുക്കുമ്പോള്‍ വെനസ്വേലയാണ് മുന്നില്‍. 0.68 രൂപ മാത്രമാണ് ഇവിടെ പെട്രോളിനായി നല്‍കേണ്ടത്. പെട്രോള്‍ വില കുറവില്‍ വെനെസ്വേലയ്ക്ക് തൊട്ടുപിന്നിലുള്ള ലോക രാജ്യം സുഡാനാണ്. 23.68 രൂപയ്ക്ക് ഇവിടെ പെട്രോള്‍ ലഭിക്കും.
പെട്രോള്‍ വില കുറഞ്ഞ രാജ്യങ്ങള്‍
വെനസ്വേല 0.68
ഇറാന്‍ 24.50
സുഡാന്‍ 23.68
കുവൈത്ത് 24.11
അല്‍ജീറിയ 24.50
ഈജിപ്ത് 25.65
സിറിയ 30.29
തുര്‍ക്ക്‌മെനിസ്ഥാന്‍29.75
പെട്രോള്‍ വില കൂടിയ രാജ്യങ്ങളിലേക്ക് വരുമ്പോള്‍ ഐസ് ലാന്‍ഡാണ് മുന്നില്‍. ലിറ്ററിന് 148.31 രൂപയാണ് ഇവിടെ പെട്രോളിന്റെ വില. ഐസ് ലാന്‍ഡിന് പിന്നില്‍ ഹോങ്കോങ്, 144.65 രൂപ.
പെട്രോള്‍ വില കൂടിയ രാജ്യങ്ങള്‍
ഐസ് ലാന്‍ഡ് 145.31
ഹോങ്കോങ് 144.65
നോര്‍വെ 140.32
മൊണോക്കോ 134.36
നെതര്‍ലാന്‍ഡ് 133.68
ഇറ്റലി 130.18
പോര്‍ച്ചുഗല്‍ 127.80
ഇസ്രായേല്‍ 128.50
പ്രമുഖ ലോക രാജ്യങ്ങളിലെ പെട്രോള്‍ വില പരിഗണിക്കുമ്പോള്‍ ഏറ്റവും കുറവ് ശ്രീലങ്കയിലാണ്. 46.96 രൂപയ്ക്കാണ് ഇന്ത്യയുടെ അയല്‍രാജ്യം പെട്രോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. കൂടിയ വില യുകെയിലാണ്. 116.69 രൂപ നല്‍കണം ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന്. യുകെയ്ക്ക് പിന്നില്‍ വിലവര്‍ധനവില്‍ മുന്നിലുള്ളത് ന്യൂസിലാന്‍ഡ് ആണ്. 110.83 ആണ് ഇവിടെ വില.
പ്രമുഖ രാജ്യങ്ങളിലെ പെട്രോള്‍ വില
ശ്രീലങ്ക 46.96
യുകെ 116.69
റഷ്യ 48.02
ഓസ്‌ട്രേലിയ 75.60
ബ്രസീല്‍ 67.37
കാനഡ 81.62
ചൈന 82.87
യുഎസ് 57.66
പാക്കിസ്ഥാന്‍ 57.84
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates