

മുംബൈ: ഓണ്‍ലൈന്‍ ബജറ്റ് ഹോട്ടല്‍ സംരംഭമായ ഒയോ റൂംസിനെതിരെ ബജറ്റ് ഹോട്ടല്‍സ് അസോസിയേഷന്‍ രംഗത്ത്. ഒയോ റൂംസ് മുന്നോട്ടുവയ്ക്കുന്ന വമ്പിച്ച ഡിസ്‌കൗണ്ട് ഓഫറുകളും ഈടാക്കുന്ന ഉയര്‍ന്ന കമ്മീഷന്‍ നിരക്കും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുന്നെന്ന പരാതിയുമായാണ് ഇവര്‍ രംഗത്തെത്തിയിട്ടുള്ളത്. ഒയോ കമ്പനി തങ്ങളുമായുള്ള കരാറുകളില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുകയാണെന്നും ഇവര്‍ ആരോപിച്ചു.
മുംബൈയിലെ ബജറ്റ് ഹോട്ടല്‍സ് അസോസിയേഷനാണ് ഒയോ രൂസിനെതിരെ ആരോപണമുയര്‍ത്തി രംഗത്തെത്തിയിട്ടുള്ളത്. തുടക്കസമയത്ത് കരാര്‍ പ്രകാരം വ്യാപാരം നടത്തിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്‍ കരാര്‍ വ്യവസ്ഥകളില്‍ നിന്നെല്ലാം വ്യതിചലച്ച് അവരുടെ തീരുമാനങ്ങള്‍ ബജറ്റ് ഹോട്ടലുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു കമ്പനിയെന്ന് ഇവര്‍ ആരോപിക്കുന്നു. മുമ്പ് മികച്ച രീതിയില്‍ പ്രവത്തിച്ചുപോന്ന ഹോട്ടലുകള്‍ പോലും ഇപ്പോള്‍ സാമ്പത്തിക ബാധ്യത നേരിടുന്ന അവസ്ഥയിലാണ്.
ഒയോയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഹോട്ടല്‍ ഉടമകള്‍. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒത്തുകൂടി ഒയോ റൂംസിന്റെ ചൂഷണത്തിനെതിരെ പോരാട്ടം ആരംഭിക്കാനാണ് അസോസിയേഷന്‍ തീരുമാനം. ഡല്‍ഹി, മൈസൂര്‍, ബംഗളൂരു, കൊല്‍ക്കത്ത, ഹൈദ്രാബാദ് തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബജറ്റ് ഹോട്ടല്‍ സംഘടനകളും ഇവര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
'ഒയോ ഹോട്ടല്‍ വിപണിയില്‍ തന്നെ വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2000-2500 രൂപ നിരക്കില്‍ നല്‍കിയിരുന്ന മുറികള്‍ ഇപ്പോള്‍ 800-900രൂപയ്ക്കാണ് കൊടുക്കുന്നത്. നിക്ഷേപം ലഭിക്കുന്നതുകൊണ്ട് അവര്‍ക്ക് ഈ നിരക്കില്‍ നല്‍കാനാകും. ലഭിക്കേണ്ട കുറഞ്ഞ നിരക്കുപോലും കിട്ടാത്തതിനാല്‍ ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്ത അവസ്ഥയാണിപ്പോള്‍', അസോസിയേഷന്‍ പ്രസിഡന്റ് അഷ്‌റഫ് അലി പറഞ്ഞു.
ഒയോയില്‍ രജിസ്റ്റര്‍ ചെയ്ത ഹോട്ടല്‍ ഉടമകള്‍ കമ്പനി മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിസ്സമ്മതിച്ചാല്‍ പണം നല്‍കില്ലെന്നതടക്കമുള്ള ഭീഷണിയാണ് ഇവര്‍ ഉയര്‍ത്തുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. നിയമകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ധരടങ്ങിയ ഒരു വലിയ സംഘം തന്നെ അവരോടൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ഒയോയ്‌ക്കെതിരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്താന്‍ ബജറ്റ് ഹോട്ടല്‍ ഉടമകള്‍ക്കാകില്ല. ഒന്നിച്ചുനിന്ന് പോരാടാനാണ് ഞങ്ങള്‍ ഇനി ശ്രമിക്കുക, മുംബൈയില്‍ പ്രത്യേകം വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അസോസിയേഷന്‍ ഭാരവാഹികള്‍.
മുറികള്‍ ബുക്ക് ചെയ്യുന്ന ആളുകള്‍ക്കിടയില്‍ ഒയോ എന്ന ബ്രാന്‍ഡ് നെയിം മാത്രമാണ് അംഗീകരിക്കപ്പെടുന്നത്. ഹോട്ടലുകള്‍ വെറും സേവനദാതാക്കളായി മാത്രമാണ് കണക്കാക്കപ്പെടുന്നത്. 25-30ശതമാനം തുക കമ്മീഷന്‍ ആയി നല്‍കികഴിഞ്ഞാല്‍ ബാക്കിയുള്ള തുക തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനും മറ്റ് ഹോട്ടല്‍ ആവശ്യങ്ങള്‍ക്കും മാത്രമേ തികയു. അതായത് ഇതുവഴി തികഞ്ഞ നഷ്ടം മാത്രം സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്, ഹോട്ടലുടമകള്‍ പറയുന്നു. ഗോ-എംഎംടി എന്ന ഓണ്‍ലൈന്‍ ബജറ്റ് ഹോട്ടല്‍ സംരംഭത്തിനെതിരെ തങ്ങള്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞെന്നും അടുത്ത പടി ഒയോയ്‌ക്കെതിരെ ആണെന്നും ബജറ്റ് ഹോട്ടല്‍ അസോസിയേഷന്‍ പറഞ്ഞു.
എന്നാല്‍ ഗുണിലവാരത്തിന്റെ കാര്യത്തിലായാലും വിലയുടെ കാര്യത്തിലായാലും ന്യായമായ തീരുമാനങ്ങളാണ് ഒയോ എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നാണ് ഒയോയുടെ വിശദീകരണം. മുംബൈയില്‍ ബിസിനസ് ഇതേരീതിയില്‍ മുന്നോടുകൊണ്ടുപോകുമെന്നും ഉപഭോക്താക്കളുടെ സംതൃപ്തിയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും ഒയോ വക്താവ് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
